കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ മുസ്‌ലിം ലീഗിലും അതിനെച്ചൊല്ലി വിവാദം മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞ് എം.എൽ.എ.യ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ കളമശ്ശേരിയിലെ വിവരാവകാശ പ്രവർത്തകൻ പുറത്തുവിട്ട ഉടമ്പടിയുടെ കോപ്പിയാണ് ഇപ്പോൾ പാർട്ടിയിൽ വിവാദമായിരിക്കുന്നത്.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ.യ്ക്കു വേണ്ടി ഒപ്പിടുവിക്കാൻ ശ്രമിച്ചതായി പറയുന്ന ഉടമ്പടിയാണ് മുസ്‌ലിം ലീഗിന് തലവേദനയായിരിക്കുന്നത്. മുസ്‌ലിം ലീഗ് നേതാക്കളുടെ സമ്മർദം മൂലമാണ് ഇബ്രാഹിംകുഞ്ഞിനെതിരേ പരാതിയുമായി വന്നതെന്നാണ് ഉടമ്പടിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഉടമ്പടിയിൽ ഒപ്പിടാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ, പിന്നീട് തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരാറിൽ ഒപ്പുവെപ്പിച്ച ശേഷം അത് പുറത്തുവിടാനായിരുന്നു ലക്ഷ്യമെന്നും ഒരേസമയം പരാതിക്കാരനേയും പാർട്ടിയിലെ എതിരാളികളേയും ഒതുക്കാനുള്ള നീക്കമാണ് നടന്നതെന്നുമാണ് ലീഗിനുള്ളിൽ ചർച്ച നടക്കുന്നത്.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ.യ്ക്കെതിരേ പാലാരിവട്ടം പാലം കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത് പാർട്ടിയിലെ പ്രമുഖരായ ചില നേതാക്കൾ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതു പ്രകാരമാണെന്നാണ് പുറത്തുവന്ന ഒപ്പിടാത്ത ഉടമ്പടിയിൽ വ്യക്തമാക്കുന്നത്. ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിനെതിരേ എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില നേതാക്കളുടെ പേരുകളാണ് അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇബ്രാഹിംകുഞ്ഞുമായി വളരെക്കാലമായി അഭിപ്രായ വ്യത്യാസമുള്ള ഒരു സംസ്ഥാന നേതാവിന്റെ പേരും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നേതാക്കളെ മോശക്കാരാക്കാനുള്ള ശ്രമം നടത്തിയവർക്കെതിരേ നടപടി വേണമെന്ന ആവശ്യമാണ് ഇബ്രാഹിംകുഞ്ഞിനെതിരേയുള്ളവർ പാർട്ടിയിൽ ഉന്നയിക്കുന്നത്. പാർട്ടി നേതാക്കളെ കുടുക്കാനുള്ള ദുഷ്ടലാക്കോടെയാണ് ഇത്തരമൊരു ഇടപെടൽ ഉണ്ടായിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. മുസ്‌ലിം ലിഗിന്റെ തൊഴിലാളി യൂണിയനായ എസ്.ടി.യു.വിലും ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉടമ്പടിയിൽ പേരുവന്നിട്ടുള്ള പാർട്ടി നേതാക്കൾ എസ്.ടി.യു.വിന്റേയും ഭാരവാഹികളാണ്. ഉടമ്പടിയുടെ കോപ്പി പുറത്തുവന്നതോടെ അതിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. എന്നാൽ, കരാറുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നും കരാർ ഉണ്ടാക്കാൻ ശ്രമിച്ചതായുള്ള ആരോപണങ്ങൾ അടക്കം കെട്ടിച്ചമച്ചതാണെന്നുമാണ് ഇബ്രാഹിംകുഞ്ഞിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നു കാട്ടിയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ, തന്നെ സമീപിച്ചവർ ഒപ്പിടുവിക്കാൻ കൊണ്ടുവന്ന ഉടമ്പടിയുടെ കോപ്പിയും ഉണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zhKECz
via
IFTTT