ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ യു.പി.യിലെത്തിക്കുന്നതിനെച്ചൊല്ലി നടക്കുന്ന രാഷ്ട്രീയപ്പോരിൽ ബി.ജെ.പി.സർക്കാരിനെ പിന്തുണച്ചും കോൺഗ്രസിനെ പരിഹസിച്ചും നിലപാടെടുത്ത കോൺഗ്രസ് വിമത എം.എൽ.എ. അതിഥി സിങ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ബി.ജെ.പി. സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹം. ഇക്കാര്യം ബി.ജെ.പി. പരിഗണിക്കുന്നുണ്ടെന്ന് പാർട്ടിയിലെ ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു.റായ്ബറേലിയിലെ എം.എൽ.എ. ആയ അതിഥി സമീപകാലംവരെ സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നു. 2004 മുതൽ അമേഠിയിൽ മത്സരിച്ചിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലേക്കു മാറിയിരുന്നു. എന്നാൽ, റായ്ബറേലി സാദർ നിയമസഭാ സീറ്റ് കോൺഗ്രസിനു ജയിക്കാനായത് അതിഥിസിങ് ആ പാർട്ടിയിൽ ചേർന്നതിനുശേഷമാണ്. അതിനുമുമ്പ് സ്വതന്ത്രനായി മത്സരിച്ച അതിഥിയുടെ അച്ഛൻ അഖിലേഷ് പ്രതാപ് സിങ് ആയിരുന്നു മിക്കപ്പോഴും അവിടത്തെ എം.എൽ.എ. ഒരിക്കൽ അദ്ദേഹം സോണിയാഗാന്ധിയുടെ എതിർസ്ഥാനാർഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും പിന്നീട് കോൺഗ്രസിലേക്കു മടങ്ങി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സോണിയയ്ക്കെതിരേ നിർത്തിയ ദിനേശ് സിങ് എം.എൽ.സി. ദയനീയമായി തോറ്റിരുന്നു. ആ സമയം അതിഥിയും അച്ഛൻ അഖിലേഷും കോൺഗ്രസിനൊപ്പമായിരുന്നു. കോൺഗ്രസിൻറെ മറ്റൊരു ഉരുക്കുകോട്ടയായിരുന്ന അമേഠിയിൽ രാഹുൽഗാന്ധിയെ തോൽപ്പിച്ച് സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി. അട്ടിമറിവിജയം നേടിയിരുന്നു.തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് അയക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോൺഗ്രസിനെയും പ്രിയങ്കയെയും അതിഥി രൂക്ഷമായാണു വിമർശിച്ചത്. ഇതിനോടു പ്രതികരിച്ച കോൺഗ്രസ് നേതാവും റായ്ബറേലിയുടെ ചുമതലയുള്ള സെക്രട്ടറിയുമായ കെ.എൽ. ശർമ, വിപ്പ് ലംഘിച്ചതിന് അതിഥിക്കെതിരേ ഒരുകൊല്ലംമുമ്പു നൽകിയ പരാതിയിൽ തീരുമാനമായില്ലെന്നു കുറ്റപ്പെടുത്തി. ‘‘അവർ മറുപടി തരാൻ തയ്യാറാകുന്നില്ല, സ്പീക്കർ നടപടിയെടുക്കുന്നുമില്ല’’ -സിങ് പറഞ്ഞു.അതിഥിയെ പാർട്ടിയിൽനിന്ന് എത്രയുംവേഗം പുറത്താക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2LIEBK0
via
IFTTT