വർഷങ്ങൾക്കുമുമ്പാണ്. നാൽപാടി വാസു വധവുമായി ബന്ധപ്പെട്ട് സമരപരമ്പരയ്ക്കിടയിൽ ഒരുനാൾ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ഒരു മാർച്ച് നടക്കുന്നു. സമരക്കാരും പോലീസും ഏറക്കുറെ തുല്യഎണ്ണം. മുഖാമുഖം നിൽക്കുന്ന ആ കൂട്ടത്തിന് നടുവിൽ മാർച്ച് ഉദ്ഘാടനം ചെയ്യാൻ തുടങ്ങിയ പിണറായി വിജയൻ എം.എൽ.എ. പെട്ടെന്ന് മൈക്ക് പോലീസ് പടയുടെ അഭിമുഖമായി സ്വയം എടുത്തുവെച്ച് എനിക്ക് സംസാരിക്കാനുള്ളത് ഇവരോടാണെന്ന് ആമുഖം. ആയിടെ മാത്രം നിയമനം കിട്ടിയെത്തിയ എ.എസ്.പി. മോശമായി പെരുമാറിയതിന്റെ രോഷപ്രകടനമായിപിന്നെ. രോഷവാക്ക് വന്നതും എ.എസ്.പി. അപ്രത്യക്ഷനാവുകയുമായിരുന്നു. അന്നത് വലിയ വിവാദവും കേസുമായി. ആക്രമിക്കാനായി വാക്കുകൾ പ്രയോഗിക്കുമ്പോൾ അത് കുന്തമുനതന്നെയാവണമെന്നതിൽ സന്ദേഹമില്ലെന്നതാണ് പിണറായി വിജയനെ ശ്രദ്ധേയനാക്കിയ ഘടകങ്ങളിലൊന്ന്. മനസ്സിലൊന്നും പറയുന്നത് മറ്റൊന്നും എന്ന് രാഷ്ട്രീയനേതാക്കളിൽ പലരെക്കുറിച്ചും ആക്ഷേപിച്ചും നല്ലനിലയിലും പറയുന്നത് ഇവിടെ ചേരില്ല. മനസ്സിലെന്തോ അതിന്റെ അസൽ മുഖത്ത് പ്രകടമാകുന്നു. സ്ഥാനവലുപ്പവും മറ്റും നോക്കി നല്ല വാക്കിൽ വിമർശിക്കണമെന്ന പക്ഷത്തിന് പലപ്പോഴും അവിടെ സ്ഥാനമില്ല. ചില പ്രയോഗങ്ങൾ എതിരാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുമ്പോൾ അനുഭാവികൾക്ക് അത് ആവേശവും പ്രചാരണായുധവുമാകുന്നു. നാട്യങ്ങൾക്ക് അവിടെ സ്ഥാനമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മറ്റും ചിലപ്പോൾ കാര്യങ്ങൾ വിശദീകരിച്ച് പ്രത്യേകതയില്ലാതെ കടന്നുപോകുന്ന പിണറായിക്ക് കടന്നാക്രമണ സന്ദർഭത്തിലാണ് ശക്തവും വ്യക്തവുമായ ഭാഷയും പ്രയോഗങ്ങളും അകൃത്രിമമായി എത്തുക. കൃത്യമായ കലണ്ടറോടെയാണ് മുന്നോട്ടുപോകുന്നതെന്നതിനാൽ ചര്യകളിലൊന്നും മാറ്റിവെക്കേണ്ടതില്ല. പുസ്തകവായനയ്ക്കും സിനിമാസ്വാദനത്തിനുമെല്ലാം അതിന്റേതായ സമയം. പ്രതിസന്ധി പരിഹാരത്തിനും വികസനത്തിനുമെല്ലാം സ്വന്തം നിലയ്ക്ക് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താനാവുന്നുവെന്നതും തീരുമാനിക്കുന്നതെന്തോ അത് നടപ്പാക്കുന്നതിനുള്ള നിശ്ചയദാർഢ്യവും പ്രധാനമാണ്. വിദ്യാർഥി-യുവജനരാഷ്ട്രീയത്തിനുശേഷം രാഷ്ട്രീയപ്പാർട്ടി നേതൃനിരയിലേക്ക് പിണറായി വിജയൻ എത്തുന്നത് പ്രത്യേകമായ നിയോഗമായാണ്. സംഘർഷം കാരണം തലശ്ശേരിയിൽ സി.പി.എം. പ്രവർത്തനം ദുർബലമാവുകയോ വഴിമുട്ടുകപോലുമോ ചെയ്ത സന്ദർഭം. തൊള്ളായിരത്തി അറുപതുകളുടെ അവസാനം. തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയെ മാറ്റി മറ്റ് സീനിയർ അംഗങ്ങളെ ഒഴിവാക്കി പിണറായിയെ സെക്രട്ടറിയായി നിയോഗിച്ചത് സംസ്ഥാനസെക്രട്ടറി സി.എച്ച്. കണാരൻ നേരിട്ട്. പിന്നീടെന്ത് സംഭവിച്ചുവെന്നത് തലശ്ശേരിയുടെ ആധുനിക രാഷ്ട്രീയചരിത്രം, പിണറായി വിജയൻ എന്ന നേതാവിന്റെ മുന്നേറ്റവും. 1971 ഡിസംബർ അവസാനവും '72-ജനുവരി ആദ്യദിവസങ്ങളിലുമായുണ്ടായ തലശ്ശേരി വർഗീയകലാപം കത്തിപ്പടരുന്നത് തടയാൻ സംഘർഷഭൂമിയിലേക്ക് ആദ്യമെത്തിയത് അന്ന് എം. എൽ.എ.യായ പിണറായി വിജയനും സംഘവുമായിരുന്നെന്ന് വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നു. എതിർപ്പുകളോ പ്രതികൂലാനുഭവമോ കാരണം വെച്ച കാൽ പിന്നോട്ടെടുക്കുന്ന ശീലമില്ലാത്തതാണ് പിണറായി വിജയന്റെ നേതൃശേഷിയുടെ സവിശേഷത. കാലം മാറിയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ യാഥാസ്ഥിതികമായ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോട് കലഹിച്ച് ജയിക്കാനാവുന്നുവെന്നതും. കണ്ണൂരിൽ ഒരു സർവകലാശാല സ്ഥാപിക്കാൻ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചപ്പോൾ പുതിയ സർവകലാശാല ആവശ്യമില്ലെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. നിലവിലുള്ള മെഡിക്കൽകോളേജുകൾ ധാരാളമാണെന്നും പരിയാരത്ത് മെഡിക്കൽകോളേജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അക്കാലത്ത് ഇ.എം.എസ്. ഉൾപ്പെടെ നിലപാടെടുത്തു. ശാസ്ത്രസാഹിത്യപരിഷത്ത് കാമ്പയിൻ നടത്തി. അന്ന് പിണറായി സ്വീകരിച്ച നിലപാട് സർവകലാശാല വേണമെന്നതായിരുന്നു. പരിയാരത്തെ മെഡിക്കൽ കോളേജേ വേണ്ടെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ സഹകരണമേഖലയിലെ ഫണ്ടുപയോഗിച്ച് സ്വാശ്രയ മെഡിക്കൽകോളേജ് വേണ്ടെന്ന മുദ്രാവാക്യമായി പരിഷ്കരിച്ചത് പിണറായിയുടെ നേതൃത്വത്തിലാണ്. തനിക്ക് അധികാരം ലഭിച്ചപ്പോൾ സർക്കാർ വലിയ സാമ്പത്തിക പ്രയാസത്തിലായിട്ടും പരിയാരം മെഡിക്കൽ കോളേജ് നിയമക്കുരുക്കുകളഴിച്ച് ഏറ്റെടുത്ത് സർക്കാർ മെഡിക്കൽകോളേജാക്കിയതിൽ ആ നിശ്ചയദാർഢ്യം കാണാം. കാൽ നൂറ്റാണ്ടുമുമ്പ് വൈദ്യുതി മന്ത്രിയായിരിക്കെ ഉത്തരകേരളത്തിലെ വൈദ്യുതിക്കമ്മി പരിഹരിച്ചത് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയിലൂടെയായിരുന്നെന്ന് അന്ന് പരക്കെ ശ്ലാഘിക്കപ്പെട്ടു. അക്കാലത്ത് കണ്ണൂർ വിമാനത്താവളമുണ്ടാക്കാൻ കർമസമിതി രൂപവത്കരിക്കാൻ നേതൃത്വം നൽകിയത് വിമർശമുണ്ടാക്കിയതാണ്. നല്ല റോഡുപോലുമില്ലാത്തിടത്ത് ഒരിക്കലും നടക്കാത്ത വിമാനത്താവളത്തിനുവേണ്ടി ശ്രമിക്കുന്നെന്ന് പരിഹാസം. ദേശീയപാതാ വികസനം 45 മീറ്റർ വീതിയിൽ വേണോ വേണ്ടയോ എന്ന പ്രശ്നം ദീർഘനാൾ വിവാദമായി നിന്നപ്പോൾ വി.എസ്. മന്ത്രിസഭയുടെ കാലത്ത് സർവകക്ഷിയോഗം വിളിച്ചു. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും പങ്കെടുത്തു. ചർച്ച തുടങ്ങുന്നതിനുമുമ്പ് മുഖ്യമന്ത്രി തനിക്ക് വി.എം. സുധീരൻ ഒരു കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞ് എടുത്തുവായിക്കാനൊരുങ്ങി. കോൺഗ്രസിന്റെ ഔദ്യോഗിക പ്രതിനിധി ഇവിടെയിരിക്കെ സുധീരന്റെ കത്ത് അപ്രസക്തമാണെന്നുപറഞ്ഞ് ശക്തമായി ഇടപെടുകയായിരുന്നു പിണറായി. ദേശീയപാതാ വികസനം വേണമെന്ന് ആ യോഗം ആവശ്യപ്പെടുകയായിരുന്നു. സി.പി.എമ്മിനകത്തും വലിയ തർക്ക വിഷയമായിരുന്ന ദേശീയപാതാ വികസനത്തിന് ഏറെ വൈകി ഇപ്പോൾ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയതിൽ ഒരു തീരുമാനമെടുത്താൽ നടപ്പാക്കും എന്ന ദാർഢ്യം കാണാം. ഒരിക്കലും നടപ്പില്ലെന്ന് വിചാരിച്ച് ഗെയ്ൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തിയാക്കാനായെന്നതും അതിന്റെ ഭാഗം. പിണറായി വിജയന്റെ സമയനിഷ്ഠ പ്രസിദ്ധമാണ്. യോഗങ്ങൾക്ക് ഒരു നിമിഷം മുമ്പെങ്കിലുമെത്തുക, ഉദ്ദേശിച്ചത്ര മാത്രം സംസാരിക്കുക. സംഘാടകർക്കും മാധ്യമപ്രവർത്തകർക്കുംകൂടി 'പ്രയാസം' സൃഷ്ടിക്കുന്ന കൃത്യത. മുമ്പ് മന്ത്രിയായിരിക്കെ കണ്ണൂർ ജില്ലയിൽ കുറെ പരിപാടികൾ. തലശ്ശേരിയിൽ അഭിഭാഷകസംഘടന സംഘടിപ്പിക്കുന്ന യോഗം ഉദ്ഘാടനം ചെയ്യാൻ കൃത്യസമയത്ത് ഉദ്ഘാടകൻ എത്തുന്നു. പത്ത് മിനിറ്റ് കഴിഞ്ഞിട്ടും യോഗം തുടങ്ങാനുള്ള വട്ടമില്ല. അടുത്തൊരിടത്ത് പോയിവരാം എന്ന് പറഞ്ഞ് അതിഥി തിരിച്ചുപോവുകയായിരുന്നു. ''അഞ്ചുമണിക്ക് യോഗം നടത്താൻ നാലുമണിക്കെന്ന് പറയുന്നതെന്തിനാ?'' എന്നതാണ് പിണറായിയുടെ ചോദ്യം. കോവിഡ് കാലത്തും മുമ്പ് പ്രളയകാലത്തും നടത്തുന്ന പത്രസമ്മേളനങ്ങളിലും സമയനിഷ്ഠ പ്രസിദ്ധമാണല്ലോ. Content Highlight: 75th birthday of Pinarayi Vijayan
from mathrubhumi.latestnews.rssfeed https://ift.tt/3ghfWKu
via
IFTTT