Breaking

Sunday, May 24, 2020

ഉത്രയുടെ മരണം: പാമ്പിനെ വാങ്ങിയത് 10,000 രൂപയ്ക്ക്, പറഞ്ഞത് യുട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാനെന്ന്

കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജും സൂരജിന്റെ അകന്നബന്ധുവും പോലീസ് കസ്റ്റഡിയിൽ. പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശിയിൽനിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പാമ്പിനെ വെച്ചുള്ള വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. മൂർഖൻ പാമ്പിനെയാണ് ഇയാളിൽനിന്ന് സൂരജ് വാങ്ങിയത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ സൂരജിന്റെ മറ്റൊരു അകന്ന ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സൂരജും ബന്ധുവുമാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. പാമ്പുപിടുത്തക്കാരൻ പ്രധാനസാക്ഷിയായി മാറിയേക്കുമെന്നാണ് വിവരം. രണ്ടുതവണയാണ് ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവെച്ചാണ് ആദ്യം പാമ്പ് കടിച്ചത്. രാത്രിയായിരുന്നു സംഭവം. അണലി വർഗത്തിലുള്ള പാമ്പാണ് കടിച്ചത്. പിന്നീട് ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ് ഉത്രയെ രണ്ടാമതും പാമ്പ് കടിച്ചത്. രണ്ടാംവട്ടം മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. കുടുംബം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. സൂരജിന് ഒന്നിലധികം ആളുകളുടെ സഹായം ലഭിച്ചതായി സംശയിക്കുന്നു. നിലവിൽ അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സൂരജിന്റ മാതാപിതാക്കൾ പറഞ്ഞു.സത്യം വൈകാതെ പുറത്തുവരും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. content highlights: uthras death; husband suraj bought snake for 10,000 rupee


from mathrubhumi.latestnews.rssfeed https://ift.tt/2ZxXjMI
via IFTTT