Breaking

Monday, March 2, 2020

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സ്‌പോണ്‍സര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ അറബികളായ സ്പോൺസർമാർ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. സ്പോൺസർമാർ മുടക്കിയ പണം തിരിച്ചുനൽകാതെ തിരികെപോകാനാവില്ല എന്നാണ് ഭീഷണി. പൊഴിയൂരിൽ നിന്നുള്ള അരുൾദാസ് എന്ന മത്സ്യത്തൊഴിലാളിയാണ് ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. വിസയുടെപണം തിരിച്ചുനൽകാതെ പാസ്പോർട്ട് തിരിച്ചുതരില്ലെന്നാണ് സ്പോൺസർ പറഞ്ഞതെന്ന് വീഡിയോ സന്ദേശത്തിൽ അരുൾ പറയുന്നു. വാർത്തയറിഞ്ഞതിനു പിന്നാലെ ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ തങ്ങളെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നുവെന്നും എന്നാൽ തുടർന്ന് പ്രതികരണങ്ങൾ ഉണ്ടായില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. മോചിപ്പിക്കാൻ സഹായം നൽകണമെന്നും തൊഴിലാളികൾ വീഡിയോയിൽ അപേക്ഷിക്കുന്നുണ്ട്. പതിനേഴ് മത്സ്യത്തൊഴിലാളികളാണ്ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. കൊറോണ വൈറസ് ഭീതി കാരണം ഇവരെ മുറിക്ക് പുറത്തേക്ക് പോലും ഇറക്കുന്നില്ല. ഇവരെ നാട്ടിലേക്ക് മടക്കിയെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് സ്പോൺസർമാരുടെ ഭീഷണി. നാലുമാസം മുമ്പാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന വിസയിൽ ഇറാനിൽ എത്തിയത്. എന്നാൽ കൊറോണഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവർക്ക് മുറിയിൽനിന്നുപോലും പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇവർ കുടുങ്ങിയത്. ഒരുമുറിയിൽ ഇരുപത്തിമൂന്നോളംപേരാണ് ഉള്ളത്. ഇതിൽ 17പേരും വിഴിഞ്ഞം, പൊഴിയൂർ, മറിയനാട് ഭാഗത്തുനിന്നുള്ളവരാണ്. ആഹാരം പോലും ലഭിക്കുന്നതിന് ഇവർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരുമായി ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. ഇരുന്നൂറോളം പേരുള്ള സംഘത്തിൽ തമിഴ്നാട്ടിൽനിന്നുള്ളവരും ഉണ്ടെന്നാണ് സൂചന. Content Highlights:17 fishermen from Kerala trapped in Iran plead for help


from mathrubhumi.latestnews.rssfeed https://ift.tt/2PEm9EV
via IFTTT