Breaking

Wednesday, March 4, 2020

കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിക്ക് 8 ലക്ഷം നഷ്ടപരിഹാരം നല്‍കണം. ഹൈക്കോടതി

ടെലികോം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം റോഡിലെ കുഴിയിൽ വീണു നട്ടെല്ലിനു ഗുരുതരമായ പരിക്കു പറ്റിയ യുവാവിന് എട്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര സർക്കാറിനും ടെലികോം വകുപ്പിനും ഹൈക്കോടതിയുടെ ഉത്തരവ്. കാസർകോഡ് സബ് കോടതി വിധിച്ചിരുന്ന നഷ്ടപരിഹാര തുകയാണ് ഹൈക്കോടതി ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ കേന്ദ്രവും ടെലികോം വകുപ്പും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കാസർകോട് കോടിബൈൽ ഗ്രാമത്തിലെ സ്വരൂപ് ഷെട്ടി എന്ന വിദ്യാർഥിക്കാണ് 1998-ൽ പരിക്കേറ്റത്. മംഗലാപുരത്തെ കാനറ ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു സ്വരൂപ് ഷെട്ടി. ടെലികോം വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായിട്ടാണ് റോഡിൽ കുട്ടി കുത്തിയിരുന്നത്. കുഴിയുള്ളതിനു മുന്നറിയിപ്പോ നോട്ടീസോ വകുപ്പ് നൽകിയിരുന്നില്ല. അതിനാൽ അപകടം പതിയിരിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പും ഉണ്ടായിരുന്നില്ല. ടെലികോം വകുപ്പിന്റെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റത്തെ തുടർന്നാണു വിദ്യാർഥിക്ക് ഗുരുതരമായ പരിക്കേറ്റതെന്ന് കീഴ്ക്കോടതി തെളിവുകളിൽനിന്നു കണ്ടെത്തിയിരുന്നു. അതിനാൽ നഷ്ടപരിഹാരം വിധിച്ചു. എതിർ കക്ഷികളെല്ലാം വിദ്യാർഥിയുടെ ഹർജിയെ എതിർക്കുകയാണുണ്ടായത്. വിദ്യാർഥി ആരോപിക്കുന്നതു പോലുള്ള അപകടം ഉണ്ടായിട്ടേയില്ലെന്ന് ടെലികോം ഉന്നയിച്ചു. അപകടം ഉണ്ടായപ്പോൾ തന്നെ വിദ്യാർഥിയെ ആശുപത്രിയിൽ വീട്ടുകാർ എത്തിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയും വേണ്ടി വന്നു. എന്നാൽ നട്ടെല്ലിന് ഉണ്ടായ പരിക്കു മൂലം വിദ്യാർഥിക്കു പഠിപ്പു നിർത്തേണ്ടിവന്നു. ശാരീരിക വൈകല്യവും ഉണ്ടായി. തെളിവുകൾ പരിശോധിച്ചതിൽനിന്നും വിദ്യാർഥിക്കു ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. മറിച്ചുള്ള എതിർകക്ഷികളുടെ വാദങ്ങൾ തള്ളി. പൊതുവഴിയിൽ കുഴിയുള്ളതായിരുന്നതിനെക്കുറിച്ച് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നില്ല. ടെലികോം വകുപ്പിന്റെ അനാസ്ഥയും നിരുത്തരവാദിത്തവും തെളിഞ്ഞിരിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തിൽനിന്നു തടിയൂരാൻ ശ്രമിക്കുകയാണുണ്ടായത്. സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർക്കു ചുമതലയുണ്ടായിരുന്നു. പക്ഷെ അതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു വിദ്യാർഥിയെ ഗുരുതരമായി പരിക്കേൽപ്പിക്കുക മാത്രമല്ല, കുടുംബത്തെ സാമ്പത്തിക നഷ്ടത്തിലാക്കുകയുമാണ് അധികൃതർ ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാർഥിയുടെ ജീവിതം മാത്രമല്ല, കുടുംബത്തെയും അധികൃതർ തകർത്തു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം വിധിച്ച കീഴ്ക്കോടതി വിധി ശരിവെക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. Content Highlights: Eight lakh rupees compensation for student


from mathrubhumi.latestnews.rssfeed https://ift.tt/2PH1eRq
via IFTTT