Breaking

Tuesday, March 10, 2020

കൊറോണ, പക്ഷിപ്പനി: കോഴിക്കർഷകർക്ക് 500 കോടിയുടെ നഷ്ടം

കോയമ്പത്തൂർ : കൊറോണ, പക്ഷിപ്പനി ഭീതിയിൽ ഇറച്ചിക്കോഴി വില തകർന്നടിഞ്ഞു. കിലോഗ്രാമിന് 25 രൂപയിലും താഴേക്കാണ് തമിഴ്നാട്ടിലെ ഫാമുകളിൽനിന്നുള്ള വില. 80 രൂപയ്ക്ക് മേൽ വിലകിട്ടിയിരുന്നു. തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്ന കോഴികളിൽ 75 ശതമാനവും കയറ്റി അയയ്ക്കുന്നത് കേരളത്തിലേക്കാണ്. കിലോഗ്രാമിന് 75 രൂപയ്ക്കടുത്താണ് ഉത്പാദനച്ചെലവ് എന്നാണ് കർഷർ പറയുന്നത്. കേരളത്തിൽ ഇത് 80-ലും അധികമാണ്. അതായത് 50 രൂപയ്ക്കും മേലെ നഷ്ടത്തിലാണ് കോഴിവിൽപ്പന. എന്നാൽ ആ വിലയ്ക്കുപോലും വിറ്റുപോകുന്നില്ലെന്ന് കർഷകർ പറയുന്നു. നാമക്കൽ, കോയമ്പത്തൂർ, തിരുപ്പൂർ, ജില്ലകളിലായാണ് പ്രധാനമായും വൻതോതിൽ കോഴിഫാമുകൾ ഉള്ളത്. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്നാട്ടിലെ കോഴി വ്യാപാരമേഖലയിൽ ഇപ്പോൾ ഉണ്ടാവുന്നത്. രാജ്യത്ത് ഇത് പ്രതിദിനം 1500 കോടിമുതൽ മുതൽ 2000 കോടിവരെയാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. കൊറോണയുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഉണ്ടായില്ലെങ്കിലും കൊറോണ ഭീതിയും കോഴിവിൽപ്പനയെ ബാധിച്ചിരുന്നു. അതിനിടെ കേരളത്തിൽ കോഴിക്കോട് മേഖലയിൽ പക്ഷിപ്പനി കണ്ടെത്തിയതോടെയാണ് കോഴിവിൽപ്പന കൂപ്പുകുത്തിയത്. ഉഷ്ണം, ക്രിസ്തുമത വിശ്വാസികളുടെ നോമ്പ് എന്നിവ കാരണം നേരത്തേ തന്നെ വിൽപ്പന കുറഞ്ഞു തുടങ്ങിയിരുന്നു. മുട്ടവിലയും കുറഞ്ഞ് മൂന്നുരൂപ 18 പൈസയിലെത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് കർഷകരുടെയും വ്യാപാരികളുടെയും ആവശ്യം. തമിഴ്നാട്ടിൽ നിന്നുള്ള കോഴികൾ സുരക്ഷിതമാണെന്നും ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉയർത്തുന്നില്ലെന്നും സർക്കാർ സാക്ഷ്യപ്പെടുത്തണം എന്നാണ് ആവശ്യം. അതിർത്തിയിൽ പരിശോധന കോയമ്പത്തൂർ: കേരളത്തിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ കേരളാതിർത്തിയിലുള്ള 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണവകുപ്പ് പരിശോധന ശക്തമാക്കി. കന്നുകാലികളുമായും കോഴി, താറാവ് തുടങ്ങിയ പക്ഷികളുമായും എത്തുന്ന വാഹനങ്ങളും മുട്ട കയറ്റി എത്തുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് ഇവ കൊണ്ടുപോകുന്നത് വളരെ കുറവായതിനാൽ ഭീതിയുടെ ആവശ്യമില്ലെന്ന് അധികൃതർ പറയുന്നു. content highlights:corona, bird flue, poultry farmers suffers loss of about 500 crore


from mathrubhumi.latestnews.rssfeed https://ift.tt/2Qh9gRx
via IFTTT