പാറശ്ശാല: വറുതിവീണ ജീവിതത്തിന് അറുതിതേടി ഇറാനിലേക്ക് പോയ 17 മത്സ്യത്തൊഴിലാളികളെക്കുറിച്ച് ആധിയോടെ കാത്തിരിക്കുകയാണ് തലസ്ഥാന ജില്ല. പൊഴിയൂർ, വിഴിഞ്ഞം, ആര്യനാട് എന്നിവിടങ്ങളിൽനിന്നുള്ള 17പേരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളത്. ഒരാഴ്ചയിലേറെയായി അവിടെ ദുരിതപർവം താണ്ടുമ്പോഴും അവരാരും വീട്ടുകാരെ ഒന്നും അറിയിച്ചിരുന്നില്ല. ഭക്ഷണവും കുടിവെള്ളവും മുട്ടി ഒറ്റമുറിയിൽ കഴിയേണ്ടിവന്നതോടെയാണ് രക്ഷതേടി നാട്ടിലേക്ക് വിളിച്ചത്. പൊഴിയൂർ സ്വദേശികളായ ബേബി ജോൺ, അരുൾദാസ്, ആന്റണി, സെബാസ്റ്റ്യൻ, ജഗജീവൻ നെറ്റോ, ഗ്രിഗോറി, അനീഷ്, പുഷ്പരാജൻ, ആന്റണി എസ്., ആരോഗ്യദാസ്, നീരോടി സ്വദേശി വിൻസെന്റ്, കൊല്ലങ്കോട് സ്വദേശി ആന്റണി, വിഴിഞ്ഞം സ്വദേശികളായ വി.ആർ.തതയൂസ്, പി.സിൽവമുത്തു, മെൽബിൻ, വി.സെൽവരാജൻ, മര്യനാട് സ്വദേശി മേരിദാസൻ എന്നിവരാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇറാനിൽ മുറിക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്നത്. ഇവർ മാത്രമാണോ ഇറാനിലുള്ളത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിനെത്തിയിരുന്ന പലരും ഇറാനിലേക്ക് പോയതായി വിവരമുണ്ട്. ഇതിൽ കുറെപ്പേർ തമിഴ്നാട് സ്വദേശികളാണ്. ഇപ്പോൾ ലഭിച്ച വിവരമനുസരിച്ച് പൊഴിയൂരുള്ളവരാണ് ഏറെയും അവിടെയുള്ളത്. ഇറാനിൽനിന്ന് ശുഭവാർത്തയ്ക്കായി 12 കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് അശരണരായ പന്ത്രണ്ട് കുടുംബങ്ങൾ ദിവസങ്ങൾ തള്ളി നീക്കുന്നത്. Content Highlights:Fishermen Trapped in Iran
from mathrubhumi.latestnews.rssfeed https://ift.tt/2Vzjjoa
via
IFTTT