Breaking

Friday, June 7, 2019

പ്രധാനമന്ത്രി നാളെ മൂന്നുമണിക്കൂർ ഗുരുവായൂരിൽ

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുരുവായൂരിൽ എത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാനെത്തുന്ന അദ്ദേഹം മൂന്നുമണിക്കൂർ ഗുരുവായൂരിൽ ചെലവഴിക്കും. രാവിലെ ഒമ്പതിന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറങ്ങി കാർമാർഗം ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. അവിടെ ഒന്നാം നമ്പർ മുറിയിൽ വിശ്രമം. പത്തിന് ക്ഷേത്രത്തിലേക്ക് പോകും. ദർശനം കഴിഞ്ഞ് 11.10-ന് ക്ഷേത്രത്തിൽനിന്ന് മടങ്ങും. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തെ പൊതുസമ്മേളനത്തിൽ 40 മിനിറ്റ് പ്രസംഗിക്കും. 12 മണിക്ക് മടങ്ങും. നേരത്തേ ക്ഷേത്രദർശനം മാത്രമെന്നായിരുന്നു അറിയിപ്പ്. ഉച്ചപ്പൂജ തൊഴുത് വേഗം മടങ്ങുമെന്ന സന്ദർശനപ്പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചിരുന്നത്. ബി.ജെ.പി.യുടെ കേരളഘടകത്തിന്റെ പ്രത്യേക അഭ്യർഥനപ്രകാരമാണ് പൊതുസമ്മേളനംകൂടി നിശ്ചയിച്ച് സമയം മാറ്റിയത്. ബുധനാഴ്ച രാവിലെയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടായത്. ഇതോടെ ജില്ലാ ഭരണകൂടവും പോലീസും ദേവസ്വവും തിരക്കിലായി. പൊതുസമ്മേളനം നടക്കുന്ന ശ്രീകൃഷ്ണ സ്കൂൾ മൈതാനത്ത് സ്റ്റേജ്-പന്തൽ നിർമാണം, ശ്രീവത്സം ഗസ്റ്റ് ഹൗസിൽനിന്ന് പൊതുസമ്മേളനം നടക്കുന്ന വേദി വരെയുള്ള ഭാഗത്തെ റോഡ് നവീകരണം, അത്രയും ഭാഗങ്ങളിലെ സുരക്ഷ തുടങ്ങിയവയെല്ലാം അധികമായി ചെയ്യേണ്ടിവന്നു. കളക്ടർ ടി.വി. അനുപമ, തൃശ്ശൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ യതീഷ് ചന്ദ്ര തുടങ്ങിയവരും പ്രധാനമന്ത്രിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും രണ്ടുദിവസമായി ഗുരുവായൂരിലുണ്ട്. ക്ഷേത്രദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. content highlights:narendra modi to visit guruvayoor temple


from mathrubhumi.latestnews.rssfeed http://bit.ly/2Z65dt0
via IFTTT