തിരുവനന്തപുരം: ലോക്സഭാതിരഞ്ഞെടുപ്പിൽ ഉറച്ച മണ്ഡലങ്ങളിൽ കാൽതെറ്റിയതിന്റെ കാരണം കണ്ടെത്താൻ സി.പി.എം. സമിതിയെ നിയോഗിച്ചേക്കും. പാർട്ടിക്കുള്ളിലെ ശീതസമരങ്ങൾ ഈ മണ്ഡലങ്ങളിൽ വിജയത്തെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ പരാജയമാണ് പ്രത്യേകമായി പരിശോധിക്കാൻ സാധ്യത. ശനിയാഴ്ച നടക്കുന്ന സംസ്ഥാനസമിതിയിൽ അന്തിമതീരുമാനമുണ്ടാകും. കാസർകോട്ട് സ്ഥാനാർഥിനിർണയത്തിൽ കീഴ്ഘടകങ്ങളിൽ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നു. മണ്ണാർക്കാട് ഏരിയാകമ്മിറ്റിക്കുകീഴിൽ പാർട്ടിവോട്ടുകൾ ചോർന്നതാണ് പാലക്കാട്ടെ തോൽവിക്ക് കാരണമായത്. ഇതൊക്കെ പരാജയത്തിന് കാരണമായോയെന്നാണ് പരിശോധിക്കുന്നത്. ആറുമണ്ഡലങ്ങളിൽ വിജയമുറപ്പിച്ച കണക്കാണ് വോട്ടെടുപ്പിനുശേഷം ബൂത്തുതലത്തിൽനിന്ന് സി.പി.എമ്മിന് ലഭിച്ചത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതിന്റെ തിരിച്ചടിയാണ് തോൽവിയുടെ ആധിക്യം കൂട്ടിയതെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതായി കോടിയേരി അവതരിപ്പിച്ചത്. 'ശബരിമല' എന്ന വാക്ക് പരാമർശിക്കാതെയായിരുന്നു ഇത്. 'ശബരിമല' അടിയൊഴുക്കിന് കാരണമായെന്ന് മിക്ക മണ്ഡലംകമ്മിറ്റികളും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്ന പരാമർശമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനസമിതിയിലെ റിപ്പോർട്ടിങ്ങിൽ കോടിയേരി 'ശബരിമല' എന്ന വാക്ക് വെട്ടിയത്. ശബരിമലയിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് തെറ്റായിരുന്നില്ലെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. പക്ഷേ, ആ നിലപാട് തെറ്റായി അവതരിപ്പിക്കാൻ യു.ഡി.എഫിനും ബി.ജെ.പി.ക്കുമായി. ബി.ജെ.പി.യാണ് അത് ആളിക്കത്തിച്ചതെങ്കിൽ യു.ഡി.എഫ്. അതിന്റെ ഫലം കൊയ്തു. ഇതാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലായി സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചത്. ഇടതുമുന്നണിക്കൊപ്പംനിന്ന ഹിന്ദുവിഭാഗത്തിലുള്ള കുറെപ്പേരെ ഈ പ്രചാരണത്തിലൂടെ അകറ്റാനായി. രാഹുൽ കേരളത്തിൽ മത്സരിച്ചതോടെ 'മോദിപേടി'യുള്ള ന്യൂനപക്ഷം യു.ഡി.എഫിൽ അഭയംകണ്ടു. 'പത്തനംതിട്ട മോഡൽ' മറ്റുമണ്ഡലങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനായില്ല. ശബരിമല വിഷയം ആളിക്കത്തിച്ച് ഇടതുമുന്നണി വിശ്വാസികൾക്ക് എതിരാണെന്ന് വരുത്താനുള്ള ശ്രമത്തെ ചെറുക്കാൻ ഒരുപരിധിവരെ പത്തനംതിട്ടയിൽ കഴിഞ്ഞു. ബി.ജെ.പി.യെ മൂന്നാംസ്ഥാനത്തുതന്നെ നിർത്താനായത് ഇതുകൊണ്ടാണ്. ഇതാണ് റിപ്പോർട്ടിങ്ങിലെ പൊതുവിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസംമുമ്പും കോടിയേരി സംസ്ഥാനസമിതിയിലും നിലപാട് വ്യക്തമാക്കിയതോടെ ശബരിമലവിഷയത്തിൽ പാർട്ടിനിലപാട് മാറ്റണമെന്ന് ആരും ഉന്നയിച്ചില്ല. പകരം, വിശ്വാസവിരുദ്ധത സി.പി.എമ്മിനില്ലെന്ന് ബോധ്യപ്പെടുത്തി അകന്നുപോയവരെ പാർട്ടിയോട് അടുപ്പിക്കുകയാണ് വേണ്ടതെന്നാണ് പലരും നിർേദശിച്ചത്. ബി.ജെ.പി.യുടെ വളർച്ച ഞെട്ടിക്കുന്നതാണ്. പാർട്ടിവോട്ടുകൾപോലും ബി.ജെ.പി.യിലേക്ക് ചോർന്നിട്ടുണ്ട്. 'ശബരിമല' ഇതിനായി ഉപയോഗപ്പെടുത്തി. അത് തടയാനാവാഞ്ഞത് രാഷ്ട്രീയമായും സംഘടനാപരമായുമുള്ള വീഴ്ചയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ശനിയാഴ്ചയാണ് സംസ്ഥാനസമിതി അവസാനിക്കുന്നത്. Content Highlights:Election lose, CPM, Kerala
from mathrubhumi.latestnews.rssfeed http://bit.ly/2WgJzoT
via
IFTTT