തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹതയേറി. കേസിൽ പിടിയിലായ പ്രകാശൻതമ്പി ബാലഭാസ്കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്കർ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവർക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവർ ബാലഭാസ്കറിന്റെ മാനേജർമാരല്ലെന്നും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നെന്നുമായിരുന്നു ഭാര്യ ലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്. വിഷ്ണുവുമായി ബാലഭാസ്കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. പ്രകാശൻതമ്പിയെ ഏഴെട്ടുവർഷംമുമ്പ് ഒരുസ്വകാര്യ ആശുപത്രിയിൽ െവച്ചാണ് ബാലഭാസ്കർ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇയാൾ ആസമയത്തും സ്ഥിരമായി വിദേശയാത്രകൾ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്കറിന്റെ അച്ഛൻ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻതമ്പിയാണ്. തുടർന്ന് ബാലഭാസ്കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. പാലക്കാട്ടെ സംഘത്തിന് വിദേശത്തും ചില വ്യാപാരബന്ധങ്ങളുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് വിഷ്ണു സ്ഥിരംവിദേശയാത്ര നടത്തിയിരുന്നത്. ബാലഭാസ്കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാൾ കൂടുതൽ ഇവർക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്കർ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്കറിന് ഫോൺകോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്കർ ഉപയോഗിച്ചിരുന്ന നാല് മൊബൈൽ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. Content Highlights:Balabhaskar Death case, Gold Smuggling link
from mathrubhumi.latestnews.rssfeed http://bit.ly/2IagbHi
via
IFTTT