Breaking

Wednesday, May 29, 2019

ആ വെള്ള ബോട്ടിൽ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ

പൊന്നാനി: ശ്രീലങ്കയിൽനിന്ന് ഐ.എസ്. തീവ്രവാദികൾ കടൽവഴി കടന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടലോരത്ത് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട്. തിങ്കളാഴ്ചയാണ് ചാവക്കാട് മുനക്കകടവ് ആഴക്കടലിൽ ഇവർ സഞ്ചരിച്ച മീൻപിടിത്ത ബോട്ട് ലക്ഷ്യംതെറ്റി കടലിലയുന്നത് കണ്ടത്. രണ്ടുദിവസം മുമ്പാണ് പതിനഞ്ചോളം ഐ.എസ്. പ്രവർത്തകർ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ലക്ഷ്യമിട്ട് വെള്ളനിറത്തിലുള്ള ബോട്ടിൽ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചത്. ഇവർ കേരള തീരത്ത് കയറാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ചാവക്കാട് വരെയുള്ള വാർഡ് കടലോരസമിതിക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കടലിലും കരയിലും പൊന്നാനി ചാവക്കാട് മേഖലയിലെ കോസ്റ്റൽ പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു. ഇതിനിടയിലാണ് വെള്ള നിറത്തിലുള്ള ബോട്ട് തിങ്കളാഴ്ച ഉച്ചയോടെ ആഴക്കടലിൽ മത്സ്യത്തൊഴിലാളികളോടുകൂടി കണ്ടെത്തിയത്. മംഗലാപുരത്ത്നിന്ന് തമിഴ്നാട് സ്വദേശികൾ വാങ്ങിയതാണ് ഇത്. തമിഴ്നാട്ടിലുള്ള തൊഴിലാളികൾ മീൻപിടിക്കുന്നതിനായി ആഴക്കടലിലെത്തിയപ്പോൾ എൻജിൻ നിശ്ചലമായതിനെത്തുടർന്ന് കടലിൽ അലയുകയായിരുന്നു. കോസ്റ്റ് ഗാർഡിന്റെ പരിശോധനയിൽ ഇത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബോട്ടാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനിയിൽനിന്നുപോയ തീരദേശ എസ്.ഐ. എൻ.പി. സുധീർ, പോലീസുകാരായ പ്രവീൺ, പ്രഭാത്, റസ്ക്യൂ ഗാർഡ് പൂളയ്ക്കൽ ബാബു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കടലിൽ കണ്ടെത്തിയ ഈ ബോട്ട് പിന്നീട് മുനയ്ക്കകടവ് തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് പൊന്നാനി തീരദേശ പോലീസ് പറഞ്ഞു. content highlights:Alert in Kerala after intel report on IS boat


from mathrubhumi.latestnews.rssfeed http://bit.ly/2WclAHC
via IFTTT