മലപ്പുറം: പ്രായപൂർത്തിയാകാത്ത തന്നെ വീട്ടുകാർ നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുകയാണെന്നാരോപിച്ച് വിദ്യാർഥിനി ചൈൽഡ്ലൈൻ ഓഫീസിലെത്തി. കല്യാണത്തിന് തനിക്ക് താത്പര്യമില്ലെന്നും പഠിച്ച് വക്കീലായതിനുശേഷം മതി കല്യാണമെന്നും പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ശിശുസംരക്ഷണ സമിതിയിൽ ഹാജരാക്കി. സമിതിയുടെ നിർദേശപ്രകാരം കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാണ്ടിക്കാട് സ്വദേശിയായ പെൺകുട്ടി ചൈൽഡ്ലൈൻ ഓഫീസിലെത്തുന്നത്. പാണ്ടിക്കാട് പോലീസ്സ്റ്റേഷനിൽ പരാതിപറഞ്ഞപ്പോൾ അവരാണ് ചൈൽഡ്ലൈനുമായി ബന്ധപ്പെടാൻ നമ്പർ നൽകിയത്. തുടർന്ന് വിളിച്ച് ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. പ്ലസ്ടു വിദ്യാർഥിനിയാണ് പെൺകുട്ടി. വരുന്ന സെപ്റ്റംബറിൽ 17 വയസ്സ് ആകുകയേയുള്ളൂ. പിതാവ് മരിച്ചതിനെത്തുടർന്ന് മാതാവ് വീണ്ടും വിവാഹം കഴിച്ചു. മാതാവിന്റെ വീട്ടിലാണ് കുട്ടി താമസിക്കുന്നത്. എസ്.എസ്.എൽ.സി. വരെ ഒരു യത്തീംഖാനയുടെ ഹോസ്റ്റലിൽനിന്നാണ് പഠിച്ചിരുന്നത്. പിന്നീട് മറ്റൊരു സ്കൂളിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ 16-ാം വയസ്സിൽ, ബാലികയുടെ സമ്മതമില്ലാതെ വീട്ടുകാർ നിക്കാഹ് നടത്തി. ഈയിടെയായി പഠിത്തം നിർത്തി കല്യാണത്തിന് നിർബന്ധിക്കാനും തുടങ്ങിയതോടെയാണ് കുട്ടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്. താൻ താമസിക്കുന്നത് മുത്തശ്ശിയുടെ വീട്ടിലാണ്. അമ്മാവൻമാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഒരു ജോലി കിട്ടിയാൽ സഹായത്തിന് ആരുടെമുന്നിലും കൈനീട്ടേണ്ട. അതുകൊണ്ടാണ് പഠിക്കണമെന്ന് ആഗ്രഹിച്ചതെന്ന് പെൺകുട്ടി പറയുന്നു. ചൈൽഡ്ലൈൻ കുട്ടിക്ക് കൗൺസലിങ് കൊടുത്തെന്നും പഠിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുട്ടിയെന്നും അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ അൻവർ കാരക്കാടൻ പറഞ്ഞു. Content Highlights:Need to study 17 year old girl refuse to marriage, Child Marriage
from mathrubhumi.latestnews.rssfeed http://bit.ly/2WepX52
via
IFTTT