Breaking

Saturday, June 1, 2019

രാഹുൽ കത്തെഴുതി; അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: വയനാട്ടിലെ പനമരത്ത് കർഷകനായ വി. ദിനേഷ് കുമാർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിശദമായി അന്വേഷിച്ച് എത്രയുംവേഗം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി മറുപടിക്കത്തിൽ രാഹുലിനെ അറിയിച്ചു. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയിൽ ആദ്യത്തെ ഇടപെടലാണ് രാഹുൽഗാന്ധി നടത്തിയത്. ഇതിനാണ് മുഖ്യമന്ത്രിയിൽനിന്ന് അനുകൂല പ്രതികരണമുണ്ടായത്. ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുന്നതുൾപ്പെടെയുള്ള തുടർനടപടികൾ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വലയുന്ന കേരളത്തിലെയും രാജ്യത്തെയും കർഷകരുടെ പ്രശ്നം പാർലമെന്റിൽ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി മറുപടിക്കത്തിൽ പറഞ്ഞു. പാവപ്പെട്ട കർഷകരുടെ വസ്തുവകകൾ ജപ്തിചെയ്യുന്ന സർഫാസി നിയമത്തിനെതിരേ പാർലമെന്റിൽ യോജിച്ച പോരാട്ടത്തിന് തങ്ങളോടൊപ്പം ചേരാൻ രാഹുലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി ഫോണിൽ സംസാരിച്ചശേഷമാണ് രാഹുൽ കത്തയച്ചത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതുമൂലമുണ്ടായ സമ്മർദവും വിഷമവും കാരണമാണ് തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് അവർ പറഞ്ഞതായി രാഹുൽ മുഖ്യമന്ത്രിയെ അറിയിച്ചു. കാർഷിക വായ്പകൾക്ക് ഡിസംബർ 31 വരെ സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും വായ്പ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികൾ കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി രാഹുൽഗാന്ധി കത്തിൽ പറഞ്ഞു. എന്നാൽ, രാഹുൽഗാന്ധിക്ക് അറിയാവുന്നതുപോലെ, ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി മറുപടി നൽകി. Content Highlights:Wayanad Farmers Suicide Issue, Rahul Gandhi write letter to CM


from mathrubhumi.latestnews.rssfeed http://bit.ly/2IagbXO
via IFTTT