Breaking

Wednesday, February 20, 2019

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍ : സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. 

20 മുതല്‍ 27 വരെ നടക്കുന്ന മെഗാ എക്സിബിഷന്റെ ഉദ്ഘാടനവും വേദിയില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷനില്‍ സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍, വികസന നേട്ടങ്ങള്‍ തുടങ്ങിയ പ്രദര്‍ശിപ്പിക്കും. 

നൂറിലേറെ സ്റ്റാളുകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ വിപണന മേളയും ഫുഡ്കോര്‍ട്ടും എക്സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

ഉദ്ഘാടന ദിവസം വൈകുന്നേരം ആറിന് സിനിമാതാരം സ്‌നേഹ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 21ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന അതിജീവനം- ഡോക്യുമന്ററി ഫെസ്റ്റിവല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥിയാവും. വൈകീട്ട് ആറ് മണി മുതല്‍ നടക്കുന്ന റിനൈസന്‍സ് വിഷ്വല്‍ മ്യൂസിക്ക് നൈറ്റില്‍ നവോത്ഥാനം, സ്വാതന്ത്ര്യ സമര പ്രക്ഷോഭം, പുരോഗമന കേരളം, നവകേരളം എന്നീ നാള്‍വഴികളിലൂടെ കടന്ന് പോകുന്ന ഗാന ദൃശ്യ വിരുന്നാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഭാരത് ഭവന്റെ നേതൃത്വത്തിലാണ് പരിപാടി.

22ന് വൈകീട്ട് ആറ് മണിക്ക് ഒഡീസി ഡാന്‍സും രാത്രി ഏഴിന് ഇശല്‍ നൈറ്റും അരങ്ങേറും. 23ന് വിനോദസഞ്ചാരം: കണ്ണൂരിന്റെ പുതിയ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ച 2.30ന് ശിക്ഷക് സദനില്‍ നടക്കുന്ന സെമിനാര്‍ ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് കഥകും രാത്രി ഏഴിന് ശ്രുതി കലാഭവന്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങിലെത്തും.



from Anweshanam | The Latest News From India https://ift.tt/2Imx4lj
via IFTTT