Breaking

Thursday, February 28, 2019

ഭാരം കുറഞ്ഞതും അപകടമില്ലാത്തതുമായ പാചകവാതക സിലിണ്ടറുകള്‍ വരുന്നു

ഭാരംകുറഞ്ഞ- പൊട്ടിത്തെറിക്കുമെന്ന പേടിയില്ലാത്ത പാചകവാതക സിലിണ്ടറുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിപണിയിലേക്കെത്തുന്നു. കോണ്‍ഫിഡന്‍സ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് പുതുതലമുറ പാചക സിലിണ്ടറുകളെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗോ ഗ്യാസ് എലീറ്റ് എന്ന്‌പേരിട്ടിരിക്കുന്ന തങ്ങളുടെ പുതിയ ഉത്പന്നം മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കമ്പനി അവതരിപ്പിച്ചത്.

നിലവില്‍ വിപണിയിലുള്ള പാചകവാതക സിലിണ്ടറുകളുടെ പകുതി ഭാരം മാത്രമേ പുതിയ സിലിണ്ടറുകള്‍ക്കുണ്ടാകൂ. ഉയര്‍ന്ന ചൂടിനേയും പൊട്ടിത്തെറിയേയും പ്രതിരോധിക്കാനും പൂര്‍ണ്ണമായും പുനരുപയോഗിക്കാനും സാധിക്കുന്നതാണ് പുതിയ സിലിണ്ടറുകളെന്ന് കമ്പനി എംഡിയും സി.ഇ.ഒയുമായ അനില്‍ ജെയിന്‍ വ്യക്തമാക്കി. 14 ഘട്ടങ്ങളിലെ സുരക്ഷാ പരിശോധനക്കൊടുവിലായിരിക്കും ഓരോ സിലിണ്ടറും പുറത്തെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ എല്‍.പി.ജി സിലിണ്ടറുകളെ അപേക്ഷിച്ച് 25 ശതമാനം വില കൂടുമെങ്കിലും കൂടുതല്‍ കാലം ഈ സിലിണ്ടറുകള്‍ ഉപയോഗിക്കാനാകുമെന്നത് മേന്മയായി പറയുന്നുണ്ട്. നിലവില്‍ വിപണിയിലുള്ള സിലിണ്ടറുകളുടെ പരമാവധി കാലാവധി 16 വര്‍ഷമാണെങ്കില്‍ ഗോ ഗ്യാസ് എലീറ്റ് സിലിണ്ടറുകള്‍ 20 വര്‍ഷം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

22 സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ സിലിണ്ടറുകള്‍ 58 പ്ലാന്റുകളില്‍ നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. 58 രാജ്യങ്ങള്‍ തങ്ങളുടെ ഉത്പന്നത്തെ അംഗീകരിച്ചിട്ടുണ്ടെന്നും 28 രാജ്യങ്ങളിലേക്ക് ഗോ ഗ്യാസ് എലീറ്റ് സിലിണ്ടറുകള്‍ കയറ്റി അയക്കുന്നുണ്ടെന്നും അനില്‍ ജെയിന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇത്തരം പാചകസിലിണ്ടറുകള്‍ ആദ്യം നിര്‍മ്മിക്കുന്നത് കോണ്‍ഫിഡന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ലോകത്ത് തന്നെ ഇത്തരം സിലിണ്ടറുകള്‍ നിര്‍മ്മിക്കുന്ന മൂന്ന് കമ്പനികളേ നിലവിലുള്ളൂവെന്നും അനില്‍ ജെയിന്‍ പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2NArYAF
via IFTTT