ന്യൂഡൽഹി/ഇസ്ലാമാബാദ്: അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പാകിസ്താനിലെ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിൽനിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവെച്ചതായി പാകിസ്താൻ സിവിൽ ഏവിയേഷൻ അറിയിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പാകിസ്താനിലൂടെയുള്ള വ്യോമപാത വ്യാഴാഴ്ചയും അടഞ്ഞുകിടക്കുമെന്നും ഇതുവഴി വിമാനസർവീസുകൾ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താന്റെ എഫ്.16 വിമാനം ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടതിന് പിന്നാലെ പാകിസ്താനിലെ പ്രധാനവിമാനത്താവളങ്ങൾ കഴിഞ്ഞദിവസം തന്നെ അടച്ചിട്ടിരുന്നു. ഇസ്ലാമാബാദ്, മുൾട്ടാൻ, ലാഹോർ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് കഴിഞ്ഞദിവസം മുതൽ നിർത്തിവെച്ചത്. ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും കഴിഞ്ഞദിവസം മണിക്കൂറുകളോളം താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം, എയർകാനഡ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവ്വീസുകളും താത്കാലികമായി റദ്ദാക്കി. പാകിസ്താൻ വ്യോമപാത അടച്ചതോടെയാണ് എയർകാനഡയുടെ സർവ്വീസുകൾ താത്കാലികമായി റദ്ദാക്കിയത്. Content Highlights:pakistan suspends all domestic and international flights
from mathrubhumi.latestnews.rssfeed https://ift.tt/2T32qCm
via
IFTTT