Breaking

Thursday, February 28, 2019

വരാനിരിക്കുന്നത് രക്തരൂഷിത ഗ്രീഷ്മകാലം

ഇന്ത്യൻ വ്യോമസേനയുടെ അതിർത്തികടന്നുള്ള ആക്രമണം പാകിസ്താന് നൽകുന്ന സന്ദേശമെന്താണ്? ഈ പതിറ്റാണ്ടിൽ ഇത് രണ്ടാംതവണയാണ് പാക് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് വിദേശസൈന്യം അവരുടെ വ്യോമാതിർത്തിക്കുള്ളിൽ കടന്ന് ആക്രമണം നടത്തുന്നത്. സൈന്യം ഉറങ്ങുകയാണെന്നാണ് പാകിസ്താനിലുള്ളിൽപ്പോലുമുള്ള പ്രചാരണം. 2011 മേയിലാണ് ഇത്തരത്തിൽ ആദ്യമായി ആ രാജ്യത്ത് വിദേശസൈന്യം ആക്രമണം നടത്തുന്നത്. ഒസാമ ബിൻലാദന്റെ ആബട്ടാബാദിലെ ഒളിത്താവളം ലക്ഷ്യമിട്ട് അന്ന് യു.എസ്. പ്രത്യേകസേനയുടെ ഹെലികോപ്റ്ററുകൾ പറന്നെത്തി. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ മോദിസർക്കാരിന്റെ രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമാണെങ്കിൽപ്പോലും, ഇന്ത്യൻ തിരിച്ചടിയുണ്ടാക്കിയ നാണക്കേട് അത്രപെട്ടെന്നൊന്നും എഴുതിത്തള്ളാൻ പാകിസ്താനിലെ ഇമ്രാൻഖാൻ സർക്കാരിനാവില്ല. പാകിസ്താൻ വിമാനങ്ങൾ അതിർത്തികടന്ന് പ്രകോപനം സൃഷ്ടിച്ചുകഴിഞ്ഞു. പാകിസ്താന്റെ ആഭ്യന്തരകാഴ്ചപ്പാടിൽ നിന്നുനോക്കിയാൽ, ഇത് രണ്ടാംതവണയാണ് ആ രാജ്യത്തിന്റെ അതിർത്തിലംഘിച്ച് തങ്ങൾ സൈനികാക്രമണം നടത്തിയെന്ന് മോദിസർക്കാർ പരസ്യമായി അവകാശപ്പെടുന്നതെന്നതും പ്രധാനമാണ്. 2016 സെപ്റ്റംബറിലായിരുന്നു പാകിസ്താനിലെ ഭീകരത്താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ആക്രമണം നടത്തി തിരിച്ചെത്തിയത്. ഇത് മോദിസർക്കാർ പരസ്യമാക്കുകയും പാകിസ്താനെ പലവട്ടം പരിഹസിക്കുകയും ചെയ്തു. അതീവ സങ്കീർണമായി തീർന്നിരിക്കുകയാണ് പാകിസ്താനിലെ സാഹചര്യം. പ്രത്യേകിച്ചും ഇന്ത്യയിൽനിന്ന് വ്യത്യസ്തമായി സൈന്യത്തിന്റെ അധീനതയിലുള്ള രാജ്യമാണതെന്നിരിക്കേ. അതുകൊണ്ടുതന്നെ രാജ്യത്തെ സംരക്ഷിക്കാനും വേണ്ടിവന്നാൽ ഭരണം നടത്താനും തങ്ങൾക്ക് കഴിവുണ്ടെന്ന് പാക്സൈന്യത്തിന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 1950-കൾമുതൽ ഈ രീതിയാണ് പാക് സൈന്യം പിന്തുടർന്നുപോരുന്നത്. അടുത്തെങ്ങും ഇതിൽനിന്ന് വ്യതിചലിക്കാൻ അവർ തയ്യാറാകുമെന്നും കരുതാനാവില്ല. ഇന്ത്യൻ പക്ഷം ഇന്ത്യയ്ക്കുള്ളിലും ഈ ആക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയമായാണെന്ന് മാത്രം. എന്നാൽ, ഭീകരതയ്ക്കുമേൽ വൻ പ്രതിഫലനമുണ്ടാക്കാൻ ഈ നീക്കത്തിനാവില്ലെന്നു മാത്രമല്ല, കൂടുതൽ ഭീകരാക്രമണങ്ങളിലേക്ക് വഴിതെളിക്കുമെന്നതാണ് വാസ്തവം. പ്രത്യേകിച്ചും വേനൽക്കാലമെത്തുന്നതോടെ അതിർത്തിയിൽ മഞ്ഞുരുകുന്നത് നിയന്ത്രണരേഖയിലെ പർവതങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഭീകരരെ സഹായിക്കും. എന്നാൽ, പുൽവാമ ഭീകരാക്രമണവും അതിന് നൽകിയ തിരിച്ചടിയും മോദിസർക്കാരിനെ വല്ലാതെ തുണച്ചെന്ന് പറയാതെവയ്യ. ഗ്രാമീണ-നഗര മേഖലകളിൽ നേരിടുന്ന ദുരിതംമുതൽ തൊഴിലില്ലായ്മവരെയുള്ള പ്രശ്നങ്ങളിൽ ബി.ജെ.പി. നട്ടംതിരിയുന്ന സാഹചര്യമായിരുന്നു ഇതുവരെ. ഹിന്ദുത്വ അജൻഡയ്ക്കും രാജ്യത്ത് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന മഹാകുംഭമേളയടക്കം സാധ്യമായ എല്ലാ മേഖലകളിലും ഒരട്ടിമറി നടത്താനുള്ള ശ്രമം മോദിസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഈ സാഹചര്യത്തിൽ മോദിസർക്കാരിന്റെ തുണയ്ക്കെത്താനാകുന്ന ഒരേയൊരു ഘടകമാണ് ദേശീയവാദം. എന്നാൽ, ഈ ആക്രമണത്തിലൂടെയുണ്ടായ തങ്ങൾക്കനുകൂലമായ ദേശീയവികാരം ലോക്സഭാ തിരഞ്ഞെടുപ്പുവരെ അണയാതെ സൂക്ഷിക്കാൻ മോദി സർക്കാരിനാകുമോയെന്നതാണ് പ്രസക്തമായ ചോദ്യം. സുരക്ഷാമേഖലയിലെ യാഥാർഥ്യം ഇന്ത്യയിലെ സാധാരണജനങ്ങൾക്കിടയിൽ ഹ്രസ്വകാലമാത്രം ആയുസ്സുള്ള ആത്മസംതൃപ്തിയുണ്ടാക്കാനും ബി.ജെ.പി.ക്ക് രാഷ്ട്രീയപ്പാർട്ടിയെന്ന നിലയിൽ അല്പംകൂടി സ്വീകാര്യത വർധിപ്പിക്കാനും ഈ ആക്രമണത്തിന് സാധിക്കും. എന്നാൽ, സുരക്ഷാ പരിപ്രേക്ഷ്യത്തിൽ നിന്ന് പരിശോധിച്ചാൽ ബാലാകോട്ട് ആക്രമണം വലിയ പ്രതിഫലനങ്ങളുണ്ടാക്കില്ലെന്നതാണ് അടിസ്ഥാനപരമായ വാസ്തവം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇവിടെ വിലയിരുത്തപ്പെടേണ്ടത്. കശ്മീരിലെ ആഭ്യന്തര സാഹചര്യം പാകിസ്താനുമായുള്ള ബന്ധം കശ്മീർ-പാകിസ്താൻ അതിർത്തി കേന്ദ്രീകരിച്ചുള്ള ഭീകരവാദം അടുത്തകാലത്തൊന്നും ഉണ്ടാകാത്തത്രയും മോശമായ നിലയിലാണ് കശ്മീരിലെ നിലവിലെ സാഹചര്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കശ്മീരിലെ യുവജനത ഇന്ത്യയിൽനിന്ന് അകന്നുപോയിരിക്കുന്നു. കേന്ദ്രസർക്കാരിനോടുള്ള ജനങ്ങളുടെ അവിശ്വാസം അതിന്റെ മൂർധന്യത്തിലെത്തി. ആ വിശ്വാസം വീണ്ടെടുക്കാൻ വർഷങ്ങളുടെ പ്രയത്നം വേണ്ടിവരുമെന്ന് സാരം. പാകിസ്താനുമായുള്ള ഉഭയകക്ഷിബന്ധം വിലയിരുത്തിയാൽ സമ്മിശ്രഫലമാണ് മോദിയുണ്ടാക്കിയതെന്ന് പറയാം. കഴിഞ്ഞ പതിറ്റാണ്ടുകൊണ്ട് പാകിസ്താനുമായുണ്ടാക്കിയെടുത്ത സ്വതന്ത്ര നയതന്ത്രബന്ധം പഴങ്കഥയായെന്ന വസ്തുത പറയാതിരിക്കാനാവില്ല. പരസ്പരവൈരികളായ ആണവശക്തികളായി ഇന്ത്യയും പാകിസ്താനും അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ വീണ്ടും അവതരിപ്പിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവിലത്തേത് കശ്മീർ കേന്ദ്രീകരിച്ചുള്ള ഭീകരവാദം. ഏതാനും ഭീകരക്യാമ്പുകളിൽ നടത്തിയ ആക്രമണം ഭീകരവാദത്തെ പൂർണമായി ഇല്ലാതാക്കില്ല. യഥാർഥത്തിൽ, കഴിഞ്ഞദിവസത്തെ സൈനികനടപടിയിൽ ആക്രമിക്കപ്പെട്ട ജെയ്ഷെ മുഹമ്മദ് കശ്മീരിലെ ഏറ്റവും പ്രധാന ഭീകരസംഘടനയല്ല. കശ്മീരിനെ അസ്വസ്ഥമാക്കുന്നതിൽ ഏറ്റവും മുൻനിരയിലുള്ള ഭീകരസംഘടനകൾ ലഷ്കറെ തൊയ്ബയും ഹിസ്ബുൾ മുജാഹിദീനുമാണ്. 2013-14 മുതൽ കശ്മീർ താഴ്വരയിൽനിന്ന് തീവ്രവാദത്തിലേക്ക് തിരിഞ്ഞ യുവാക്കളുടെ എണ്ണത്തിലുണ്ടായ വർധന ഞെട്ടിക്കുന്നതാണ്. മോദി ഭരണകൂടത്തിനുകീഴിൽ 2007-08 കാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധം കശ്മീരിലെ അക്രമസംഭവങ്ങളിലും വൻ വർധനയുണ്ടായി. ബാലാകോട്ട് ആക്രമണത്തിന് സൈനികമായി തിരിച്ചടിക്കേണ്ടതില്ലെന്ന് പാകിസ്താൻ തീരുമാനിച്ചാൽ ഇന്ത്യയ്ക്കെതിരേ തങ്ങളുടെ ചാരസംഘടനയായ ഇന്റർ സ്റ്റേറ്റ് ഇന്റലിജൻസിനെ (ഐ.എസ്.ഐ.) ഉപയോഗിച്ചുള്ള നടപടിക്കാണ് അവർ ഒരുങ്ങുന്നതെന്ന് അനുമാനിക്കേണ്ടിവരും. ആധുനികലോകത്തെ സകലവൃത്തികേടുകൾക്കും കാരണഭൂതരായവരും ഇന്നത്തെ പ്രധാന ഭീകരരുടെ തലതൊട്ടപ്പനുമാണ് അവരുടെ രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐ. കശ്മീരിലെ സാഹചര്യവും ഭീകരരെ ഉത്പാദിപ്പിക്കുന്നതിനുള്ള പാകിസ്താന്റെ കഴിവും ചേർത്ത് വായിക്കുമ്പോൾ വരാനിരിക്കുന്ന വേനൽക്കാലം രക്തരൂഷിതമായിരിക്കുമെന്നുവേണം കരുതാൻ. Content Highlights:Ahead Bloodshed Summer in Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2BWPKT3
via IFTTT