Breaking

Thursday, February 28, 2019

സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി-പ്രതിരോധ മന്ത്രി നാളെ  അതിര്‍ത്തിയിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധം വഷളായിരിക്കെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ളസഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും. അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

ഇതിനിടെ മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് ജാഗ്രതാനിര്‍ദേശം നല്‍കി.രാവിലെ ആഭ്യരന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു. ഈ യോഗങ്ങള്‍ക്ക് ശേഷമാണ് നിര്‍മലാ സീതാരാമന്‍ കശ്മീരിലേക്ക് പോകാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. പാകിസ്താന്റെ പിടിയിലുള്ള വ്യോമസേന പൈലറ്റ് അഭിനന്ദന്റെ മോചനവും സുരക്ഷ ഒരുക്കങ്ങളുംചര്‍ച്ച ചെയ്യാനാണ് അടിയന്തര മന്ത്രിസഭാ യോഗം.അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്.

അതിനിടെ, സംഘര്‍ഷ സാഹചര്യങ്ങള്‍ തീരുന്നവരെ ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും രാഷ്ട്രീയ പരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നു പോവുകയും ചെയ്ത സമയത്ത് ഖേലോ ഇന്ത്യ പരിപാടിയുടെ ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വ്യോമാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തുവന്നു.

അതേസമയം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അഭിനന്ദന്‍ വര്‍ത്തമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകള്‍ പുറത്തുവന്നു.ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും. അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കി. അതിനിടെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ ശബ്ദ സന്ദേശം പുറത്തു വന്നു. ജെയ്‌ഷെ ഭീകര ക്യാംപ് ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് മസൂദ് അസര്‍ പറയുന്നു.



from Anweshanam | The Latest News From India https://ift.tt/2Nzy1FC
via IFTTT