Breaking

Thursday, February 28, 2019

ആദായ നികുതി സ്ലാബുകള്‍ പൊളിച്ചെഴുതാന്‍ ധനമന്ത്രാലയം

ന്യൂഡൽഹി: നിലവിലുള്ള ആദായ നികുതി സ്ലാബുകൾ പരിഷ്കരിക്കാൻ ധനമന്ത്രാലയം പ്രത്യക്ഷ നികുതി കോഡ് സമിതിയോട് ആവശ്യപ്പെട്ടു. പ്രത്യകിച്ചും 20 ശതമാനം നികുതി സ്ലാബിനായിരിക്കും മാറ്റംവരിക. നിർദേശങ്ങൾ സമർപ്പിക്കാൻ സമിതി മൂന്നുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്. താഴ്ന്ന സ്ലാബിലുള്ള നികുതി നിരക്കുകളിൽ അവ്യക്തതകളേറെയുണ്ടെന്നാണ് പരാതി. നിലവിലെ നിരക്ക് പ്രകാരം 2.5 ലക്ഷംവരെ വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. അഞ്ചുലക്ഷംവരെ വരുമാനമുള്ളവർ രണ്ടര കിഴിച്ച് ബാക്കിയുളളവരുമാനത്തിന് അഞ്ച് ശതമാനമാണ് നികുതി നൽകേണ്ടത്. അഞ്ച് ലക്ഷത്തിന് മുകളിൽ 10 ലക്ഷംവരെ 20 ശതമാനവുമാണ് നികുതി. അതിനുമുകളിലാകട്ടെ 30 ശതമാനവുമാണ്. എന്നാൽ 2019 ഏപ്രിൽ ഒന്നുമുതൽ നിലവിൽവരുന്ന നിയമപ്രകാരം അഞ്ചുലക്ഷംവരെ വരുമാനമുള്ളവർ ആദായ നികുതി നൽകേണ്ടതില്ല. നികുതിയിളവിനുള്ള വിവിധ നിക്ഷേപ പദ്ധതികളും മറ്റും പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽനിന്ന് രക്ഷപ്പെടാം. വികസിത രാഷ്ട്രങ്ങളിലെ നികുതി നിരക്കുകൾകൂടി പരിശോധിച്ചതിനുശേഷമാകും പ്രത്യക്ഷ നികുതി ബോർഡ് പുതിയ സ്ലാബുകൾ നിർദേശിക്കുക. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി ആദായനികുതി നിയമം പരിഷ്കരിക്കാൻ 2009ൽ യുപിഎ സർക്കാർ പ്രത്യക്ഷ നികുതി കോഡ് കൊണ്ടുവന്നിരുന്നു. 2010ൽ പ്രത്യക്ഷ നികുതി കോഡ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ, പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി.


from mathrubhumi.latestnews.rssfeed https://ift.tt/2XrWvFA
via IFTTT