Breaking

Thursday, February 28, 2019

മുള്‍ മുനയില്‍

ന്യൂഡൽഹി: ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുപിന്നാലെ ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്താൻ വ്യോമസേനയുടെ ആക്രമണനീക്കം. ബുധനാഴ്ച രാവിലെയാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങൾ നിയന്ത്രണരേഖകടന്ന് ജമ്മുകശ്മീരിലെത്തിയത്. ഇതിൽ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ഛ് ജില്ലയിലും അതിർത്തിലംഘിച്ചെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ്-21 വിമാനം തകർന്ന് പൈലറ്റിനെ കാണാതായി. വിമാനം വെടിവെച്ചിട്ടതാണെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്നും പാകിസ്താൻ അവകാശപ്പെട്ടു. ചൊരയൊഴുകുന്ന മുഖത്തോടെ സംസാരിക്കുന്ന പൈലറ്റിന്റെ ദൃശ്യം വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റേതാണെന്നുപറഞ്ഞ് പാകിസ്താൻ പുറത്തുവിട്ടു. കൈകാലുകൾ ചങ്ങലയ്ക്കിട്ട് കണ്ണുകെട്ടിയ വർധമാൻ സംസാരിക്കുന്ന 46 സെക്കൻഡുള്ള ദൃശ്യമാണ് പുറത്തുവിട്ടത്. പാകിസ്താന്റെ ഈ പ്രവൃത്തി യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ജനീവ കരാറിന്റെ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു. പൈലറ്റിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, നയതന്ത്രതലത്തിൽ സമ്മർദം ശക്തമാക്കി. പാകിസ്താന്റെ ആക്ടിങ് സ്ഥാനപതി സയ്ദ് ഹൈദർ ഷായെ വിളിച്ചുവരുത്തിയാണ് വിദേശകാര്യമന്ത്രാലയം ആവശ്യമുന്നയിച്ചത്. ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ തകർത്തു എന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. രണ്ടു പൈലറ്റുമാരെ പിടികൂടിയെന്ന് രാവിലെ അവകാശപ്പെട്ടെങ്കിലും പിന്നീട് ഒരാളെന്ന് തിരുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെയും വൈകീട്ടും മൂന്നു സേനാമേധാവികളുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ രാജീവ് ജെയ്ൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ വ്യോമാക്രമണം നടത്തിയെന്ന് രാവിലെയാണ് പാകിസ്താൻ അവകാശപ്പെട്ടത്. പാകിസ്താന്റെ നീക്കം ഇന്ത്യൻ വ്യോമസേന ഫലപ്രദമായി ചെറുത്തെന്നും ഒരു വിമാനം തകർത്തെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ വൈകീട്ട് മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടപടികൾക്കിടെ മിഗ്-21 വിമാനം തകർന്നെന്നും പൈലറ്റിനെ കാണാതായെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കാണാതായത് വിങ് കമാൻഡർ അഭിനന്ദൻ വർധമാനാണെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കി. രണ്ടുവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദം വിദേശകാര്യവക്താവ് തള്ളി. ഇന്ത്യയുടെ സേനാ സജ്ജീകരണങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ നീക്കം. വ്യോമസേനയുടെ തയ്യാറെടുപ്പും ജാഗ്രതയും ആ ശ്രമം പരാജയപ്പെടുത്തി -അദ്ദേഹം പറഞ്ഞു. എയർവൈസ് മാർഷർ ആർ.ജി.കെ. കപൂറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഉത്തരേന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങൾ അടച്ചെങ്കിലും വൈകീട്ടോടെ ഏഴെണ്ണം തുറന്നു. ആക്രമണം തിരിച്ചടിയല്ല നിയന്ത്രണരേഖകടന്ന് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട പാകിസ്താൻ ഇന്ത്യ തുടർച്ചയായി പ്രകടിപ്പിക്കുന്ന യുദ്ധതാത്പര്യത്തിനുള്ള തിരിച്ചടിയല്ല ഇതെന്ന് പറഞ്ഞു. സ്വയം പ്രതിരോധിക്കാൻ പാകിസ്താനുള്ള നിശ്ചയദാർഢ്യവും അവകാശവും പ്രദർശിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആൾനാശമോ വസ്തുനഷ്ടമോ ഉണ്ടാകാത്തവിധം സൈനികേതര കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും പാകിസ്താൻ പറഞ്ഞു. ഇന്ത്യ തെളിവ് കൈമാറി പ്രകോപനം കൂടാതെ പാക് വ്യോമസേന നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മിഷണർ സയ്ദ് മുഹമ്മദ് ഷായെ വൈകീട്ട് ആറോടെ വിളിച്ചുവരുത്തി. പുൽവാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിനുള്ള പങ്കും സംഘടനയുടെ നേതാക്കൾ പാകിസ്താനിലുണ്ടെന്നും വെളിവാക്കുന്ന തെളിവ് ഇന്ത്യ ഇദ്ദേഹത്തിന് കൈമാറി. ബാലാകോട്ടിലെ ഇന്ത്യൻ നടപടിപോലെയല്ല ബുധനാഴ്ച പാകിസ്താൻ നടത്തിയ ആക്രമണമെന്ന് ഇന്ത്യ അറിയിച്ചു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചു. ഇന്ത്യൻ സ്ഥാനപതി ഗൗരവ് അലുവാലിയയെ പാകിസ്താനും വിളിച്ചുവരുത്തി. ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും പ്രകോപനമില്ലാതെ അതിർത്തി കടന്ന് ബാലാകോട്ടിൽ ആക്രമണം നടത്തിയെന്നും പാകിസ്താൻ അവകാശപ്പെട്ടു. നിക്കിയാൽ-കുര്യാത്ത മേഖലയിൽ ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടെന്നും ആറുപേർക്ക് പരിക്കേറ്റെന്നും പാകിസ്താൻ ആരോപിച്ചു. കശ്മീരിൽ പലായനം പാകിസ്താന്റെ വ്യോമാക്രമണത്തെത്തുടർന്ന് യുദ്ധഭീതിയിലായ ജമ്മുകശ്മീരിലെ അതിർത്തിഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് പലായനം തുടങ്ങി. കശ്മീരിലെ സ്കൂളുകൾക്ക് അവധി നൽകി. നിയന്ത്രണരേഖയ്ക്കപ്പുറത്തുനിന്ന് ചൊവ്വാഴ്ചമുതൽ പാകിസ്താൻ നടത്തുന്ന ഷെല്ലാക്രമണം ചിലയിടങ്ങളിൽ ബുധനാഴ്ചയും തുടർന്നു. രാജ്യത്തെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2BWPJOZ
via IFTTT