പല കാരണങ്ങൾക്കൊണ്ടും കേരളം ഉറ്റുനോക്കുന്നതാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പ് രംഗം. വളരെ ശക്തമായ രാഷ്ട്രീയ മത്സരം നടക്കാനിരിക്കുന്ന ഒരു മണ്ഡലമാണ് കണ്ണൂരെന്ന് രാഷ്ട്രീയ നിരീക്ഷകനായ എ. ജയങ്കർ പറയുന്നു. കോൺഗ്രസും സിപിഎമ്മും ഏറെക്കുറെ തുല്യശക്തികളാണ് അവിടെ. കണ്ണൂർ എന്ന് കേൾക്കുമ്പോൾ വലിയൊരു സിപിഎം കോട്ടയായി തോന്നുമെങ്കിലും കണ്ണൂർ പാലർമെന്റ് സീറ്റിനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല കാര്യങ്ങൾ. അസംബ്ലി മണ്ഡലങ്ങൾ നോക്കിയാൽ കണ്ണൂർ, അഴീക്കോട് എന്നിവയും കുടിയേറ്റക്കാർക്ക് പ്രാമുഖ്യമുള്ള ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളും യുഡിഎഫിന്റെ കൈയ്യിലാണ്. ധർമടം, മട്ടന്നൂർ, തളിപ്പറമ്പ് എന്നിവ സിപിഎമ്മിന് ശക്തിയുള്ള മണ്ഡലങ്ങളാണ്. നിലവിൽ മൂന്ന് സ്ഥലത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫുമാണുള്ളത്. ഈ മൂന്നിടത്തും എൽഡിഎഫ് അവരുടെ ഭൂരിപക്ഷം വർധിപ്പിക്കാനായിരിക്കും പരമാവധി ശ്രമിക്കുക. ബാക്കിയുള്ള നാലിടത്ത് ശക്തമായി ചെറുത്തു നിൽക്കാനായിരിക്കും യുഡിഎഫിന്റെ ശ്രമം. തുല്യ ശക്തികളുടെ പോരാട്ടമാണ് കണ്ണൂരിലേത്, ആരും ജയിക്കാം. യുഡിഎഫിന് മികച്ച സ്ഥാനാർഥികളുണ്ട്. കെ. സുധാകരൻ പ്രബലനായ സ്ഥാനാർഥിയാണ്. കഴിഞ്ഞ തവണ ആറായിത്തോളം വോട്ടുകൾക്ക് തോറ്റുപോയെങ്കിലും വളരെ ശക്തനായ സ്ഥാനാർഥിയാണ് അദ്ദേഹം. കൂടാതെ ശബരിമല വിഷയത്തിൽ അയ്യപ്പൻമാരുടെ വികാരത്തിനൊപ്പം നിലപാടെടുത്ത ആളുമാണ്. അപ്പോൾ അയ്യപ്പസ്വാമിയുടെ പിന്തുണയും സുധാകരന് പ്രതീക്ഷിക്കാം. സതീശൻ പാച്ചേനിയും യുഡിഎഫിന്റെ തരക്കേടില്ലാത്ത സ്ഥാനാർഥിയാണ്. മത്സരിച്ചപ്പോഴൊക്കെ തോറ്റുപോയി എന്നതാണ് അദ്ദേഹത്തിനുള്ള ക്ഷീണം. വിഎസിനെതിരെ രണ്ടുതവണ തോറ്റു, പാലക്കാട് എംബി രാജേഷിനോട് ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. കഴിഞ്ഞ തവണ നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടു. പരാജയം വിടാതെ പിന്തുടരുന്ന ആളാണ് പാച്ചേനിയെങ്കിലും ഇനിയുള്ളത് അദ്ദേഹത്തിന് വിജയത്തിന്റെ കാലമായിക്കൂടാ എന്നില്ല. ബിജെപിയും ആർഎസ്എസുമൊന്നും തീരെ ശക്തമല്ലാത്ത പ്രദേശമാണ് കണ്ണൂർ. ഏതാനും ചില പോക്കറ്റുകൾ ഒഴിച്ചാൽ അവർക്ക് സ്വാധീനമുള്ള പ്രദേശങ്ങളൊന്നും കണ്ണൂരിലില്ല. രാഷ്ട്രീയ സംഘർഷങ്ങളിൽ പങ്കാളിത്തമുണ്ടെങ്കിലും വോട്ടിന്റെ എണ്ണത്തിൽ അത് പ്രതിഫലിക്കാറില്ല. തിരഞ്ഞെടുപ്പിൽ അവർ ഒരു ഘടകംപോലുമല്ല. അതുകൊണ്ടുതന്നെ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ശക്തമായ മത്സരമാണ് കണ്ണൂരിൽ വരാനിരിക്കുന്നതെന്ന് ജയങ്കർ നിരീക്ഷിക്കുന്നു. Content Highlights:Loksabha election 2019, Kannur, LDF, UDF, kannur lok sabha constituency
from mathrubhumi.latestnews.rssfeed https://ift.tt/2ECo6ME
via
IFTTT