Breaking

Thursday, February 21, 2019

പരസ്യലോകം മിഴിതുറന്നു, കൊച്ചി തീരത്ത്

കൊച്ചി:പരസ്യരംഗത്തെ ആഗോള പ്രതിഭകളെ സാക്ഷിയാക്കി ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കമായി. ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റിൽ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ വിളക്കുതെളിച്ച് ഉദ്ഘാടനംചെയ്തു. ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഐ.എ.എ.യുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യൻ നഗരം വേദിയാകുന്നത്. 'ബ്രാൻഡ് ധർമ, ടെക്നോളജി നന്മയ്ക്കുവേണ്ടി' എന്നതാണ് ഇത്തവണത്തെ പ്രമേയം. ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിൽ ധർമികതയുടെ പങ്കിനെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങിൽ ബച്ചനും ശ്രീ ശ്രീ രവിശങ്കറും വിശദീകരിച്ചു. ഡിജിറ്റൽ ലോകത്ത് സ്വകാര്യതയും വിവരങ്ങളുടെ സംരക്ഷണവും വെല്ലുവിളി നേരിടുകയാണെന്ന് ഐ.ഐ.എ. ചെയർമാനും ആഗോള പ്രസിഡന്റുമായ ശ്രീനിവാസൻ കെ. സ്വാമി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരുകളിൽനിന്ന് കൂടുതൽ ഇടപെടൽ ആവശ്യമാണ്. ഐ.എ.എ. മൂന്നു പതിറ്റാണ്ടിലേറെയായി ഇത്തരം കാര്യങ്ങളിൽ സ്വയംനിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും അതാണ് ഈ പ്രസ്ഥാനത്തിന്റെ ധർമമെന്നും അദ്ദേഹം വ്യക്തമാക്കി. ആറുമാസംമുമ്പ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഇരകളായ കേരളസമൂഹം ചുരുങ്ങിയ കാലംകൊണ്ടുതന്നെ വെല്ലുവിളികളിൽ നിന്ന് കരകയറിയിരിക്കുകയാണെന്ന് ഐ.എ.എ. ലോക ഉച്ചകോടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് ഗുഹ പറഞ്ഞു. ഐ.എ.എ. ആഗോള വൈസ് പ്രസിഡന്റും മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ, കൗശിക് റോയ്, ഐ.എ.എ. ലോക ഉച്ചകോടിയുടെ പ്ലാനിങ് ആൻഡ് മാർക്കറ്റിങ് വിഭാഗം ചെയർമാൻ രമേശ് നാരായൺ, ഐ.എ.എ. ഇന്ത്യാ ചാപ്റ്റർ പ്രസിഡന്റ് പുനീത് ഗോയങ്ക തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. വിവിധ സെഷനുകളിലായി പത്ത് സെഷനുകളാണ് ആദ്യദിനം ഉണ്ടായിരുന്നത്. 2500-ഓളം പ്രതിനിധികൾ സമ്മേളനത്തിനെത്തി. ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും. പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ ധാർമികത ആവശ്യമാണ്. മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടില്ലെന്നതാണ് എന്റെ ധാർമികത. -അമിതാഭ് ബച്ചൻ സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകമൊരു ചെറിയ ഗ്രാമമായി ചുരുങ്ങിക്കഴിഞ്ഞു. എന്നാൽ, വെല്ലുവിളികളും നാം തിരിച്ചറിയണം. നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. വരും തലമുറയിലേക്കുകൂടി ആ മൂല്യങ്ങൾ പകരണം. -ശ്രീ ശ്രീ രവിശങ്കർ content highlights: international advertising association world congress


from mathrubhumi.latestnews.rssfeed https://ift.tt/2tvqUF7
via IFTTT