Breaking

Wednesday, February 13, 2019

തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കിൽ വർദ്ധന

തിരുവനന്തപുരം: ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം പിന്നോട്ട് പോകുകയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചി വിമാനത്താവളത്തെക്കാള്‍ ശരാശരി പത്ത് ശതമാനം മുതല്‍ 50 ശതമാനം വരെയാണ് തിരുവനന്തപുരത്തെ നിരക്കിലുള്ള വര്‍ധന.തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് 5980 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.അതേ സമയം കൊച്ചിയില്‍ നിന്ന് കൊളംബോയിലെത്താന്‍ 4275 രൂപ മതി. 1705 രൂപയുടെ വ്യത്യാസമാണ് രണ്ട് വിമാനത്താവളങ്ങള്‍ തമ്മില്‍.

യാത്ര ദുബായിലേക്കാണെങ്കില്‍ 8554 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മാത്രമാണ് ആ നിരക്കില്‍ സര്‍വ്വീസ് നടത്തുന്നത്. ബാക്കിയെല്ലാ വിമാന കമ്പനികളും പതിനായിരം രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.കൊച്ചിയില്‍ നിന്നാകട്ടെ 7522 രൂപ മുതല്‍ വിമാന സര്‍വീസുകളുണ്ട്. അഞ്ചു വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് സമാനമായ നിരക്കില്‍ ദുബായിലേക്ക് യാത്രക്കാരെ എത്തിക്കുന്നുണ്ട്.

കൊച്ചി വിമാനത്താവളം കൂടുതല്‍ വിമാനങ്ങളും കുറഞ്ഞ നിരക്കുമായി ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് യാത്ര പോവാന്‍ യാത്രക്കാര്‍ താല്‍പര്യം കാണിക്കില്ല.തലസ്ഥാനത്തെ ഐടി രംഗത്ത് വന്‍നിക്ഷേപം നടത്തിയ നിസ്സാന്‍ കമ്പനിയുടെ മേധാവികള്‍ക്ക് ആസ്ഥാനമായ ടോക്യോവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തണമെങ്കില്‍ കൊച്ചിയെ ആശ്രയിക്കേണ്ടി വരും. സില്‍ക് എയര്‍ തിരുവനന്തപുരം സര്‍വീസ് ഈ മാസം തന്നെ നിര്‍ത്തും. പകരം വരുമെന്ന പറയുന്ന സകൂട്ട് എയര്‍ലൈന്‍സിന് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഇല്ല. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.

വിമാനത്താവളത്തെ അനാകര്‍ഷണമാക്കുന്ന മറ്റൊരു ഘടകം യൂസര്‍ ഡെവലപ്‌മെന്റ് ഫീ എന്ന പിരിവാണ്. 1160 രൂപയാണ് ഒരു യാത്രക്കാരന്‍ നല്‍കേണ്ടത്.കൊച്ചിയില്‍ ഈ ഇനത്തില്‍ ഒരു രൂപ പോലും നല്‍കേണ്ടതില്ല. ചെന്നൈയിലെ വമ്പന്‍ വിമാനത്താവളത്തില്‍ പോലും 86 രൂപ മാത്രമാണ് യൂസര്‍ ഡെവലപ്‌മെന്ററ ഫീയായി നല്‍കേണ്ടത്.



from Anweshanam | The Latest News From India http://bit.ly/2BuR5QI
via IFTTT