കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും സൈബർ ബോധവത്കരണം നൽകുന്നു. തുടക്കത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ബോധവത്കരണം. ഹയർസെക്കൻഡറി വകുപ്പിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലായിരിക്കും ഇത്. 1350 അധ്യാപകരെ പരിശീലിപ്പിക്കും. വയനാടൊഴികെ മറ്റു ജില്ലകളിൽ അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി. പരിശീലനം നേടിയ അധ്യാപകർ മറ്റ് അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുമെന്ന് കരിയർ ഗൈഡൻസ് സെൽ കോ-ഓർഡിനേറ്റർ സി.എം. അസീം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ അശ്രദ്ധമായ ഉപയോഗം പല അപകടങ്ങൾക്കും ഇടയാക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് ധാരണയില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ അവസ്ഥയ്ക്കൊരു മാറ്റമാണ് ഉദ്ദേശിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, സുരക്ഷ, ബാലാവകാശ സംരക്ഷണനിയമം, പോക്സോ എന്നീ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് സൈബർ സെല്ലും സഹകരിക്കുന്നുണ്ട്. കെ-ഡാറ്റ് 150 സ്കൂളുകളിലേക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് വിദ്യാർഥികൾക്ക് വഴികാട്ടാൻ ഹയർസെക്കൻഡറി വകുപ്പ് നടപ്പാക്കുന്ന അഭിരുചിപരീക്ഷ കെ-ഡാറ്റ് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ 87 സ്കൂളുകളാണ് പരീക്ഷയ്ക്കുള്ള നോഡൽ സെന്ററുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ അധ്യയനവർഷം ഇത് 150 ആയി വർധിപ്പിക്കും. അടുത്ത അധ്യയനവർഷം മുതൽ നോഡൽ സെന്ററുകളുടെ എണ്ണം 250 ആകും. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് കെ-ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) നടത്തുന്നത്. 8000 പ്ലസ് വൺ വിദ്യാർഥികൾ പരീക്ഷയെഴുതി. ഇവർക്കുള്ള കൗൺസലിങ് നടക്കുകയാണ്. പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ അഭിരുചിപരീക്ഷ നടത്തും. ഉന്നതപഠനത്തിന് വിദ്യാർഥികൾക്ക് താത്പര്യമുള്ള മേഖല തിരിച്ചറിയുകയാണ് സൗജന്യമായ ഈ അഭിരുചിപരീക്ഷ വഴി ഉദ്ദേശിക്കുന്നത്. Content Highlights: Cyber Crime, Career Guidance Cell, Social Media
from mathrubhumi.latestnews.rssfeed http://bit.ly/2RPETiW
via
IFTTT