Breaking

Monday, July 20, 2020

മാസങ്ങളോളം വഴിതാണ്ടി; ഒടുവിൽ യന്ത്രഭീമൻ വി.എസ്.എസ്.സി.യിലേക്ക്

തിരുവനന്തപുരം: പത്തുമാസം മുൻപ് മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് യന്ത്രഭീമനുമായി പുറപ്പെട്ട കണ്ടെയ്നർ ലോറി ഒടുവിൽ വി.എസ്.എസ്.സി.യുടെ വട്ടിയൂർക്കാവ് കേന്ദ്രത്തിലെത്തി. നാലു സംസ്ഥാനങ്ങളിലൂടെ വാഹനം പിന്നിട്ടത് 1750 കിലോമീറ്റർ. ഒരുദിവസം അഞ്ചുകിലോമീറ്റർ മാത്രം സഞ്ചരിച്ച കൂറ്റൻ വാഹനം, കഴിഞ്ഞകൊല്ലം രാജ്യത്ത് ഏറ്റവും കുറഞ്ഞ വേഗത്തിലോടിയ വാഹനമെന്ന കീർത്തിയും നേടി. 'എയ്റോസ്പേസ് ഓട്ടോ ക്ലേവ്' യന്ത്രമാണ് വി.എസ്.എസ്.സി.ക്കുവേണ്ടി ലോറിയിൽ കൊണ്ടുവന്നത്. നാസിക്കിലെ അംബർനാഥ് ഫാക്ടറിയിൽ നിർമിച്ച യന്ത്രം വി.എസ്.എസ്.സി.ക്കുള്ള ഏറ്റവും വലിയ ഓട്ടോ ക്ലേവാണ്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്കുവേണ്ട ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമിക്കാനാണ് ഓട്ടോ ക്ലേവ് കൊണ്ടുവന്നത്. യാത്രക്കൂലി ഉൾപ്പെടെ ഒൻപതുകോടി രൂപയാണ് യന്ത്രത്തിന്റെ നിർമാണച്ചെലവ്. ഭീമൻ ക്ലേവ് * ഭാരം- 70 ടൺ * ഉയരം- 7.5 മീറ്റർ * വീതി- 6.65 മീറ്റർ * ചക്രങ്ങൾ- 44 * നിയന്ത്രിക്കാൻ- 32 ജീവനക്കാർ വല്ലാത്ത യാത്ര ഭാരവും ആകാരവലുപ്പവും കാരണം സാധാരണ റോഡിലൂടെയുള്ള ഗതാഗതം ക്ലേശകരമായിരുന്നു. ഇതിനാലാണ് ലോറി ഒരുദിവസം അഞ്ചുകിലോമീറ്റർ സഞ്ചരിച്ചത്. ലോറിക്ക് കടന്നുപോകാൻ റോഡിനു കുറുകെയുള്ള വൈദ്യുതലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റേണ്ടിവന്നു. പോലീസും വൈദ്യുതിബോർഡ് ജീവനക്കാരും അഗ്നിരക്ഷാസേനയുമാണ് എല്ലായിടത്തും ലോറിയെ കടത്തിവിടാൻ പ്രയത്നിച്ചത്. ജൂൺ അവസാനം തക്കലയ്ക്ക് സമീപമെത്തിയ ലോറി 25 കിലോമീറ്റർ താണ്ടി പാറശ്ശാലയിലെത്താൻ ഏഴു ദിവസമെടുത്തു. അവിടെനിന്നു 16 ദിവസത്തിനുശേഷമാണ് 30 കിലോമീറ്റർ താണ്ടി തിരുവനന്തപുരത്തെത്തിയത്. വഴിയിൽ മാർത്താണ്ഡം മേൽപ്പാലം, പുതുതായി നിർമിക്കുന്ന പള്ളിച്ചൽ പാലം എന്നിവ കടക്കുമോയെന്ന സംശയമുദിച്ചിരുന്നു. വാഹനത്തിന്റെ ഭാരം പാലത്തിന്റെ ബലത്തിന് കോട്ടംവരുത്തുമോയെന്ന ആശങ്കയാണു കാരണം. വഴിയൊരുക്കാൻ സിഗ്നൽ വിളക്കും മാറ്റി തിരുവനന്തപുരം സിറ്റിയിൽ കടന്നപ്പോൾ സിഗ്നൽ വിളക്കുകൾ ഇളക്കിമാറ്റിയാണ് വാഹനത്തിന് വഴിയൊരുക്കിയത്. ഞായറാഴ്ച രാത്രിയോടെ വട്ടിയൂർക്കാവ് ഐ.എസ്.ആർ.ഒ.യുടെ ഇനർഷ്യൽ സിസ്റ്റംസ് യൂണിറ്റിൽ യന്ത്രമെത്തി. കമ്മിഷൻ ചെയ്യാൻ മൂന്നുമാസമെങ്കിലും വേണം. Content Highlights:vssc machinery traveling from maharashtra To Kerala On-Road


from mathrubhumi.latestnews.rssfeed https://ift.tt/3hkySIf
via IFTTT