Breaking

Friday, July 3, 2020

ഡോ. ബി.സി. റോയിയെ വാഴ്‌ത്തി ഇടതുനേതാക്കൾ; കോൺ-ഇടത് സഖ്യം ഉഷാറിൽ

കൊൽക്കത്ത: ഒരു കാലത്തെ പ്രധാന രാഷ്ട്രീയശത്രുവും പശ്ചിമബംഗാളിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഡോ. ബി.സി. റോയ്‌യെ മുക്തകണ്ഠം പ്രശംസിച്ച് ഇടതുമുന്നണി നേതാക്കൾ. പിന്നാലെ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസിന് 80-ാം ജന്മദിനത്തിൽ 80 ചുവന്ന പനിനീർപ്പൂക്കളുടെ ബൊക്കെ സമ്മാനിച്ച് പി.സി.സി. അധ്യക്ഷൻ സോമൻ മിത്ര. തിരഞ്ഞെടുപ്പിന് ഒൻപതുമാസം മുമ്പുതന്നെ പശ്ചിമബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യം പൊതുവേദികളിൽ ഊർജിതമായിത്തുടങ്ങി.കോൺഗ്രസിന്റെ ആസ്ഥാനമായ ബിധാൻ ഭവനിൽ നടന്ന ബി.സി. റോയ് അനുസ്മരണത്തിൽ ഇടതുനേതാക്കൾ പങ്കെടുക്കുന്നത് നടാടെയാണ്. അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം ഡോ. റോയ് പശ്ചിമ ബംഗാളിന് നൽകിയ സംഭാവനകളെ ഇവർ വിശദമായി അനുസ്മരിച്ചു. ദീർഘദൃഷ്ടിയുള്ള നേതാവായിരുന്നു ഡോ. ബി.സി. റോയ് എന്നും സംസ്ഥാന താത്‌പര്യംമാത്രം മുൻനിർത്തിയാണ് അദ്ദേഹം എന്നും പ്രവർത്തിച്ചതെന്നും സി.പി.എം. നിയമസഭാകക്ഷി നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. ഡോ. റോയ് ബംഗാളിൽ തുടക്കമിട്ട പല സംരംഭങ്ങളും അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഫോർവേഡ് ബ്ളോക്ക് സെക്രട്ടറി നരേൻ ചതോപാധ്യായ, ആർ.എസ്.പി. സെക്രട്ടറി മനോജ് ഭട്ടാചാര്യ, സ്വപൻ ബന്ദോപാധ്യായ എന്നിവരും ഡോ. ബി.സി. റോയ്‌യുടെ സംഭാവനകളെ പ്രശംസിച്ചു. ഡോ. റോയ് കാണിച്ചുതന്ന വഴിയിലൂടെ സംസ്ഥാനത്തെ കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ചുനീങ്ങുകയെന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന കർത്തവ്യമാണെന്ന് പി.സി.സി. അധ്യക്ഷൻ സോമൻ മിത്ര തന്റെ പ്രസംഗത്തിൽ പറഞ്ഞു.ഇതേ ദിനത്തിൽത്തന്നെ 80 വയസ്സ് പൂർത്തിയാക്കിയ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസിന് 80 ചെമ്പനീർ പുഷ്പങ്ങളുടെ ബൊക്കെ പി.സി.സി. അധ്യക്ഷൻ സോമേൻ മിത്ര സി.പി.എം. ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിലേക്ക് കൊടുത്തയച്ചു. ഡോ. ബി.സി. റോയ് അനുസ്മരണത്തിന് ബിമൻ ബോസും എത്തുമ്പോൾ നേരിട്ട് കൊടുക്കാൻ ആയിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, സി.പി.എമ്മിന്റെ ചില പാർട്ടിയോഗങ്ങൾ നടക്കുന്നതിനാൽ ബോസിന് എത്താനായില്ല. തുടർന്നാണ് ഉപഹാരം പാർട്ടി ഓഫീസിലേക്കെത്തിച്ചത്.തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ ഇരുപക്ഷത്തെയും നേതാക്കൾ പോതുവേദികൾ പങ്കിട്ട് ദൃഢമായ സൗഹൃദത്തിന്റെ സന്ദേശം നൽകിയാൽ അത് താഴെത്തട്ടിലെ അണികളിലേക്കും പകരുമെന്നാണ് കോൺഗ്രസ്-ഇടതുപക്ഷ നേതാക്കൾ കണക്കുകൂട്ടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3itorTR
via IFTTT