ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമ്പോൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളാണ് കേന്ദ്രം പുറത്തിറക്കിയത്. സോണുകൾ പുനർ നിർണ്ണയിക്കുന്നതിന് ഈ മാനദണ്ഡങ്ങൾ ബാധകമാകും. ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിരുന്നു. അതേസമയം കണ്ടെയ്നർ, ബഫർ സോണുകൾ തിരിച്ചറിയാനും അതിർത്തി നിർണ്ണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്. രോഗബാധിതർ, ലക്ഷത്തിൽ എത്ര പേർക്കു രോഗം, രോഗബാധിതർ ഇരട്ടിയാകുന്നതിന്റെ നിരക്ക്, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മേഖലകൾ നിശ്ചയിക്കേണ്ടത്. 200 സജ്ജീവ കേസുകളാണ് റെഡ് സോണിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡം. എന്നാൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തിൽ പുതിയ കേസുകളില്ലെങ്കിലോ പച്ച മേഖലയിൽ ഉൾപ്പെടും. ഒരുലക്ഷം ജനസംഖ്യയിൽ 15ൽ കൂടുൽ സജ്ജീവ കേസുകളുണ്ടെങ്കിലും ചുവപ്പ് മേഖലയിൽ ഉൾപ്പെടുത്തും. രോഗബാധിതർ ഇരട്ടിയാകുന്നതിന്റെ നിരക്ക് 14 ദിവസത്തിൽ കുറവാണെങ്കിൽ ജില്ല ചുവപ്പ് മേഖലയിലാകും. പച്ച മേഖലയിൽ ഇത് 28 ദിവസത്തിൽ അധികമാകണം. മരണനിരക്ക് ആറ് ശതമാനത്തിൽ കൂടിയാൽ ചുവപ്പും ഒരു ശതമാനത്തിൽ കുറഞ്ഞാൽ പച്ചയുമാകും. പരിശോധന അനുപാതം 65ൽ കുറഞ്ഞാൽ ചുവപ്പ് മേഖലയാകും. പച്ചയിൽ ഉൾപ്പെടാൻ ഇത് 200ൽ അധികമാകണം. രോഗസ്ഥിരീകരണ നിരക്ക് ആറ് ശതമാനത്തിലധികമായാൽ ചുവപ്പ് മേഖലയിലാണ്. പച്ചയിൽ ഇത് രണ്ട് ശതമാനത്തിൽ താഴെയാകണം. ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി ജില്ലകളെയും മുനിസിപ്പൽ കോർപ്പറേഷനുകളെയും ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ തരംതിരിക്കണം. സബ് ഡിവിഷൻ, വാർഡ് തലങ്ങളിലും തിരിക്കാം. കണ്ടെയിൻമെന്റ് മേഖലകൾ, ബഫർ മേഖലകൾ എന്നിവ രേഖപ്പെടുത്തണം. കണ്ടെയിൻമെന്റ് മേഖലകളിൽ രോഗനിയന്ത്രണത്തിനുള്ള പദ്ധതികൾ കർശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights: Centre issues parameters for classification of red, orange and green zones
from mathrubhumi.latestnews.rssfeed https://ift.tt/2WFRGdg
via
IFTTT