മുംബൈ: യു.എസ്. ട്രഷറിബില്ലുകളിലുള്ള നിക്ഷേപത്തിൽനിന്ന് മാർച്ചിൽ റിസർവ് ബാങ്ക് പിൻവലിച്ചത് 2100 കോടി ഡോളർ (ഏകദേശം 1.59 ലക്ഷംകോടി രൂപ). യു.എസ്. ട്രഷറിവകുപ്പ് പുറത്തുവിട്ട വിദേശരാജ്യങ്ങളുടെ നിക്ഷേപത്തിൻറെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാർച്ചിലെ കണക്കുപ്രകാരം യു.എസ്. ട്രഷറിബില്ലുകളിലുള്ള ഇന്ത്യയുടെ നിക്ഷേപം 15,650 കോടി ഡോളർ (11.89 ലക്ഷം കോടി രൂപ ) ആണ്. ഫെബ്രുവരിയിൽ ഇത് 17,750 കോടി ഡോളർ (13.48 ലക്ഷം കോടി രൂപ) വരെ എത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു ഇത്. യു.എസ്. ട്രഷറിബില്ലിലുള്ള നിക്ഷേപത്തിൽ ലോകരാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. റിട്ടേൺ കുറവാണെങ്കിലും സുരക്ഷിതനിക്ഷേപമായാണ് ഡോളറിനെയും യു.എസ്. ട്രഷറിബില്ലുകളെയും ലോകബാങ്കുകൾ കാണുന്നത്. 1.27 ലക്ഷം കോടി ഡോളറിൻറെ നിക്ഷേപമുള്ള ജപ്പാൻ ആണ് ഏറ്റവുംമുന്നിൽ. 1.08 ലക്ഷം കോടി ഡോളറിൻറെ നിക്ഷേപവുമായി ചൈന രണ്ടാമതും 39,530 കോടി ഡോളറിൻറെ നിക്ഷേപവുമായി ബ്രിട്ടൻ മൂന്നാമതുമാണ്. 20,720 കോടി ഡോളറിൻറെ നിക്ഷേപമാണ് കേമാൻ ഐലൻറിനുള്ളത്. 15,910 കോടി നിക്ഷേപമുള്ള സൗദി അറേബ്യയാണ് ഇന്ത്യക്കു തൊട്ടുമുന്നിൽ. എല്ലാ രാജ്യങ്ങളും ചേർന്ന് ആകെ 6.81 ലക്ഷംകോടി ഡോളറിൻറെ നിക്ഷേപമാണ് ഇത്തരത്തിലുള്ളത്. മാർച്ചിൽ എല്ലാരാജ്യങ്ങളും ചേർന്ന് പിൻവലിച്ചത് 29,935 കോടി ഡോളറിൻറെ നിക്ഷേപമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിദേശനാണ്യശേഖരത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ യു.എസ്. ട്രഷറിനിക്ഷേപത്തിലും പ്രതിഫലിക്കാറുണ്ട്. മാർച്ച് അവസാനം ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. ഫെബ്രുവരിയിലെ 48,154 കോടി ഡോളറിൽനിന്ന് 47,466 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം മേയ് എട്ടിനുള്ള കണക്കനുസരിച്ച് ഇത് 48,531 കോടി ഡോളറായി കൂടിയിട്ടുണ്ട്. ജനുവരി - മാർച്ച് കാലയളവിൽ വിദേശനിക്ഷേപകസ്ഥാപനങ്ങളിലെ ഓഹരികളിലും കടപ്പത്രങ്ങളിലുമുള്ള നിക്ഷേപം വലിയഅളവിൽ പിൻവലിച്ചതാണ് ഇതിനുകാരണം. ഇക്കാലയളവിൽ ദ്വിതീയ വിപണിയിൽനിന്ന് റിസർവ് ബാങ്ക് കടപ്പത്രങ്ങൾ വലിയ അളവിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആകെ 1.63 ലക്ഷം കോടിരൂപയുടെ കടപ്പത്രങ്ങൾ ഇത്തരത്തിൽ വാങ്ങിയതായാണ് റിപ്പോർട്ട്. അതേസമയം, സർക്കാർ കടപ്പത്രങ്ങൾ ലേലത്തിൽ നേരിട്ടുവാങ്ങാൻ ആർ.ബി.ഐ. തയ്യാറായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2ZbUmkG
via
IFTTT