കൊച്ചി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ പുകവലിക്കാർ ഏറെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതരായ പുകവലിശീലക്കാർക്ക് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് കുറവാണെന്നാണ് പഠനം. കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കുക. പുകവലിശീലം ശ്വാസകോശത്തെ മോശമായി ബാധിക്കുന്നതോടൊപ്പം രോഗപ്രതിരോധം സാധ്യമാക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം മൂർച്ഛിക്കുന്നതും മരണസാധ്യതയുള്ളതും പുകവലിശീലമുള്ളവരിലാണെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. പുകയിലോത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ കൊറോണയെ പ്രതിരോധിക്കുമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും പഠനം സൂചിപ്പിക്കുന്നു.പുകവലിക്കുന്ന സമയം കൈവിരലുകളും ചുണ്ടും തമ്മിലുണ്ടാകുന്ന സമ്പർക്കം രോഗപകർച്ചയ്ക്ക് കാരണമായേക്കാമെന്ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. പ്രവീൺ വത്സലൻ പറഞ്ഞു. രോഗബാധിതരായ പുകവലിശീലമുള്ളവർക്ക് ശ്വാസംമുട്ട് കൂടുകയും എക്‌സ്റ്റെൻസീവ് ന്യൂമോണിയ ബാധിക്കുകയും ചെയ്യും. ഇതോടൊപ്പം ശ്വാസകോശത്തിൽ നീർക്കെട്ട് ബാധിക്കാം. ഇവ രോഗം മൂർച്ഛിക്കുന്നതിന് കാരണമാകും. അതോടൊപ്പം എ.ആർ.ഡിസ്ട്രസ്പ്റ്റ് സിൻഡ്രം ബാധിക്കാം. ശ്വസിക്കുന്ന വായു രക്തത്തിലേക്ക് എത്താതിരിക്കുന്ന അവസ്ഥയാണിത്. അത്തരമൊരു അവസ്ഥയിൽ ശരീരത്തിലേക്ക് ഓക്‌സിജൻ എത്തില്ല. ഈ അവസ്ഥയിൽ രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ഡോ. പ്രവീൺ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3cylTkf
via
IFTTT