മുംബൈ: കോവിഡ് അടച്ചിടലിൽ നിശ്ചലമായ സന്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ആദ്യരണ്ടുദിവസത്തെ പ്രഖ്യാപനങ്ങളിൽ സർക്കാർ നേരിട്ട് ജനങ്ങളുടെ കൈകളിലേക്ക് നൽകുന്ന തുക നാമമാത്രം. ആദ്യദിവസത്തെ പ്രഖ്യാപനത്തിൽ 2500 കോടിരൂപ മാത്രമാണ് ഇത്തരത്തിൽ കൈമാറുക. ബാക്കിയുള്ള തുക മുഴുവൻ ബാങ്ക് വായ്പകൾക്കുനൽകുന്ന ഫണ്ടും സർക്കാർ ഗ്യാരൻറിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് രാജ്യത്തെ ധനസ്ഥിതിയിൽ കാര്യമായ ചലനമുണ്ടാക്കിയേക്കില്ല.വ്യാഴാഴ്ച പ്രഖ്യാപിച്ച പദ്ധതികളിലും ഏറക്കുറെ സമാനമായ സ്ഥിതിവിശേഷമാണുള്ളത്. മറുനാടൻ തൊഴിലാളികൾക്ക് രണ്ടുമാസത്തേക്ക് സൗജന്യമായി റേഷൻകടകൾവഴി ധാന്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചെലവ് കേന്ദ്രം വഹിക്കും. 3500 കോടി രൂപയാണ് ഇതിനായി നേരിട്ട് നൽകുക. ഇത്തരം തൊഴിലാളികൾക്ക് ചെലവുകുറഞ്ഞ താമസസൗകര്യം ഒരുക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കുന്നത്. ഇതിനായി സർക്കാർ എത്ര തുക ചെലവഴിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.മുദ്ര-ശിശു വായ്പകളുടെ പലിശയിൽ രണ്ടുശതമാനം സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക കേന്ദ്രസർക്കാർ നേരിട്ടു നൽകുന്നതാണ്. 1500 കോടി രൂപയാണ് ഈയിനത്തിൽ ചെലവു പ്രതീക്ഷിക്കുന്നത്. വഴിയോര കച്ചവടക്കാർക്കുള്ള പദ്ധതിയിൽ വായ്പകൾക്ക് അവസരമൊരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പലിശ സഹിതമുള്ള വായ്പകളായിരിക്കും ഇത്. ഇടത്തരം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള വായ്പാ അധിഷ്ഠിത സബ്സിഡി പദ്ധതി 2021 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. 70,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാൻ പദ്ധതിക്ക് കഴിയുമെന്നാണ് പത്രസമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. 20 വർഷ കാലാവധിയുള്ള വായ്പകൾക്ക് മൂന്നുമുതൽ നാലുശതമാനംവരെ സബ്സിഡി സർക്കാർ നൽകും. എത്ര കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സർക്കാരിൻറെ സാന്പത്തികച്ചെലവുകളെ കൂടുതൽ ബാധിക്കാതെ വിവിധ മേഖലകളിൽ കൂടുതൽ പണമെത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതിനൊപ്പം ഉപഭോഗം കൂട്ടുന്നതിന് ആളുകളിൽ നേരിട്ട് കൂടുതൽ പണം ലഭ്യമാക്കാനുള്ള നടപടികളാണ് ഇനിയുണ്ടാവേണ്ടത്. വരുംദിവസങ്ങളിലുള്ള പ്രഖ്യാപനങ്ങളിൽ ഇതുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2LxZEPa
via
IFTTT