തൃശ്ശൂർ: ലോകത്തെ ഏറ്റവുംനീളമേറിയ വൈദ്യുതി ഇടനാഴികളിലൊന്ന് ഇന്ത്യയിൽ യാഥാർഥ്യമാകുന്നു. ഛത്തീസ്ഗഢിലെ റായ്ഗഢിൽനിന്ന് തൃശ്ശൂർ മണ്ണുത്തിയിലേക്കുള്ള ഇടനാഴിയുടെ ആദ്യഘട്ടം ബുധനാഴ്ച വിജയംകണ്ടു. റായ്ഗഢിൽനിന്ന് തമിഴ്നാട്ടിലെ പുഗലൂർ വരെയുള്ള 1775 കിലോമീറ്ററിൽ നടത്തിയ പരീക്ഷണ വൈദ്യുതിപ്രവാഹമാണ് വിജയമാണ്. പുഗലൂരിൽനിന്ന് മണ്ണുത്തിയിലേക്കുള്ള ബാക്കിഭാഗം ജൂൺ, ജൂലായ് മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള മെഗാപ്രോജക്ടാണിത്. പവർഗ്രിഡ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. റായ്ഗഢിലെ അൾട്രാ ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് മെഗാ പവർ പ്ലാന്റിൽനിന്ന് പുഗലൂർവരെ 6000 മെഗാവാട്ട് വൈദ്യുതിയും പുഗലൂരിൽനിന്ന് മണ്ണുത്തിയിലേക്ക് (153 കിലോമീറ്റർ) 2000 മെഗാവാട്ട് വൈദ്യുതിയും എത്തിക്കും. ദക്ഷിണേന്ത്യയിലെ എട്ടുകോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്ന പദ്ധതിക്ക് 4350 കോടിരൂപയാണ് ചെലവ്. വൈദ്യുതി സ്വീകരിക്കുന്നതിനായി തൃശ്ശൂർ മണ്ണുത്തിയിൽ 2000 മെഗാവാട്ട് സബ്സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തിന് ഓരോവർഷവും മുന്നൂറ്് മെഗാവാട്ട് വൈദ്യുതി അധികമായി വേണ്ടിവരുന്നുണ്ട്. ഇതെത്തിക്കാൻ ഈ ഇടനാഴിയിലൂടെ കഴിയും. നേരത്തേ കമ്മിഷൻചെയ്ത കൊച്ചി ഇടമൺ വൈദ്യുതി ഇടനാഴിയുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ലോവർപെരിയാർ, പെരിങ്ങൽക്കുത്ത്, ഷോളയാർ എന്നിവിടങ്ങളിൽനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കാതെതന്നെ തൃശ്ശൂരിൽനിന്ന് വൈദ്യുതിവിതരണം സാധ്യമാകും. സ്ഥലമേറ്റെടുപ്പ് അധികം ആവശ്യമില്ലാത്ത നൂതന ടവറുകളും ദേശീയപാത മുറിച്ചുകടക്കുന്നിടത്ത് കോൺക്രീറ്റ് ട്രഞ്ചിനുള്ളിൽ സ്ഥാപിക്കുന്ന ഭൂഗർഭ കേബിളുകളും വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. ലോകത്തിലെ നീളമേറിയ വൈദ്യുതി ഇടനാഴികൾ 1. ബെലോ മോണ്ടെ-റിയോ ഡി ജനൈറോ ട്രാൻസ്മിഷൻ ലിങ്ക്, ബ്രസീൽ(2534 കിലോമീറ്റർ) 2. റിയോ മഡേരിയ ട്രാൻസ്മിഷൻ ലിങ്ക്, ബ്രസീൽ (2385 കിലോമീറ്റർ) 3. ബെലോ മോണ്ടെ-എസ്ട്രീറ്റോ ട്രാൻസ്മിഷൻ ലൈൻ, ബ്രസീൽ (2092 കിലോമീറ്റർ) 4. ജിൻപിങ്-സുനാൻ ട്രാൻസ്മിഷൻ ലൈൻ, ചൈന (2090 കിലോമീറ്റർ) 5. ഷയാങ്ജിയാബ-ഷാങ്ഗായ് ട്രാൻസ്മിഷൻ ലൈൻ, ചൈന (1980 കിലോമീറ്റർ) 6. ഇങ്കകൊൽവേയ്സി ട്രാൻസ്മിഷൻ ലൈൻ, കോംഗോ (1700 കിലോമീറ്റർ) 7. താൽചർകോലാർ ട്രാൻസ്മിഷൻ ലിങ്ക് ഇന്ത്യ (1450 കിലോമീറ്റർ) Content Highlight: The first phase of Raigarh--Thrissur power corridor has been completed
from mathrubhumi.latestnews.rssfeed https://ift.tt/35ZTHUR
via
IFTTT