മുംബൈ: കോവിഡ് കാലം കഴിഞ്ഞാലും രാജ്യത്ത് തൊഴിൽസംസ്കാരത്തിലെ മാറ്റത്തിൻറെ ഭാഗമായി വീടുകളിൽനിന്നുള്ള ജോലി സാധാരണമായേക്കും. ടി.സി.എസ്., ടെക് മഹീന്ദ്ര, എച്ച്.സി.എൽ. ടെക്നോളജീസ് എന്നിങ്ങനെ മിക്ക ഐ.ടി. കന്പനികളും ഈ രീതി പ്രോത്സാഹിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനായി രാജ്യത്തെ നികുതി-തൊഴിൽ ഘടന ഭേദഗതി ചെയ്യണമെന്ന് കന്പനികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. 19,100 കോടി ഡോളർ (ഏകദേശം 14.35 ലക്ഷം കോടി രൂപ) വരുന്നതാണ് രാജ്യത്തെ ഐ.ടി. മേഖല. കോവിഡ് ലോക് ഡൗണിനെത്തുടർന്ന് ഈ രംഗത്തെ 90 ശതമാനം ജീവനക്കാരും വീടുകളിൽനിന്നാണ് ജോലി ചെയ്യുന്നത്. പല കന്പനികളുടെയും ഉത്പാദനക്ഷമത ഇതിലൂടെ ഉയർന്നുവെന്നാണ് വിലയിരുത്തൽ. 2025-ഓടെ 75 ശതമാനം ജോലിയും വീടുകളിൽനിന്നാക്കുമെന്ന് ടി.സി.എസ്. പറയുന്നു. മേയ് ആദ്യം സർക്കാർപ്രതിനിധികളും ഐ.ടി. കന്പനികളും നടത്തിയ ചർച്ചയിൽ വീടുകളിൽനിന്ന് ജോലിയെടുക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നത് ചർച്ചയായിരുന്നു. ഇതേക്കുറിച്ച് വിശദറിപ്പോർട്ട് തയ്യാറാക്കാൻ ഐ.ടി. കന്പനികളുടെ കൂട്ടായ്മയായ നാസ്കോമിനെ ചുമതലപ്പെടുത്തി. ഇന്ത്യൻ ഐ.ടി. മേഖലയിൽ ആകെ 43 ലക്ഷം പേർ ജോലിയെടുക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 50 ശതമാനം പേരെയെങ്കിലും ഭാവിയിൽ വീടുകളിൽനിന്ന് തൊഴിലെടുപ്പിക്കുന്നതിനാണ് ശ്രമം. ആഴ്ചതോറുമുള്ള യോഗങ്ങൾക്കും പുതിയ പ്രോജക്ടുകൾ വിശദീകരിക്കുന്നതിനും മാത്രമായി ഇവർ ഓഫീസുകളിലെത്തിയാൽ മതിയാകും. മാർച്ചിൽ ലോക് ഡൗൺ ഏർപ്പെടുത്തിയശേഷം ഐ.ടി. മേഖലയിലെ 90 ശതമാനം പേരും വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. ഐ.ടി. കന്പനികൾ മാത്രമല്ല, സാന്പത്തികസേവനകന്പനികളും സമാന രീതിയിൽ ചിന്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവുംവലിയ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, ആഗോള കന്പനിയായ ജെ.പി. മോർഗൻ ചേസ് എന്നിവയാണ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അവശ്യംവേണ്ട ഭേദഗതികൾ തൊഴിൽസമയവും ഷിഫ്റ്റ് സമയക്രമവും ഉൾപ്പെട്ട നിയമഭേദഗതി വേണ്ടിവരും. ഒന്നിലധികം കന്പനികളിൽ തൊഴിലെടുക്കുന്നവർക്ക് രണ്ടിടത്തും എൻ.പി.എസ്. ലഭിക്കുന്നതിന് സൗകര്യമൊരുക്കണം വീടുകളിൽനിന്ന് ജോലിയെടുക്കുന്നതിന് കന്പനി ചെലവിടുന്ന തുക വ്യവസായ ചെലവായി പരിഗണിക്കണം. ഇതുൾപ്പെടുത്തി ആദായനികുതിഘടനയിൽ മാറ്റം വേണം ബ്രോഡ് ബാൻഡ് സൗകര്യം വിപുലമാക്കണം ജീവനക്കാർക്കിഷ്ടം ഓഫീസ് ലോക്ഡൗൺ കാലത്ത് വീടുകളിൽനിന്ന് ജോലിയെടുക്കുന്നവരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ഓഫീസിലുള്ള ജോലിയാണെന്ന് സർവേ. മൈൻഡ് എസ്കേപ്പ് എന്ന സ്ഥാപനം 1240 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. ഏകദേശം 52.9 ശതമാനംപേരും ഓഫീസ് ജോലി ഇഷ്ടപ്പെടുന്നവരായിരുന്നു. വീടുകളിൽനിന്ന് ജോലി ചെയ്യുന്പോൾ കൂടുതൽസമയം ചെലവഴിക്കേണ്ടിവരുന്നതായി 54 ശതമാനം പേർ ചൂണ്ടിക്കാട്ടി. ശരാശരി പത്തുമണിക്കൂറാണ് ജോലിസമയമെന്ന് ഇവർ പറയുന്നു. 47 ശതമാനം പേർക്ക് മാനസികസമ്മർദം കൂടി. 67 ശതമാനം പേർ ഓഫീസ് വിലാസം അവരുടെ അഭിമാനത്തിൻറെ ഭാഗമായി കണക്കാക്കുന്നു. 89 ശതമാനംപേരുടെയും വീടുകളിൽനിന്നുള്ള ജോലി കുടുംബാംഗങ്ങളുടെ സാന്നിധ്യവും വളർത്തുമൃഗങ്ങളുടെ ഇടപെടലും മറ്റും മൂലം ചെറിയരീതിയിൽ തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി. വീടുകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് 64 ശതമാനം പേർക്ക് പ്രശ്നമാകുന്നത്. Content Highlights:Lockdown work from home
from mathrubhumi.latestnews.rssfeed https://ift.tt/3cuRJhB
via
IFTTT