Breaking

Wednesday, May 13, 2020

അച്ഛന്റെ ആത്മാവ് സാക്ഷി; കാർത്തിക സുമംഗലിയായി

വടകര : മകളുടെ വിവാഹത്തിനായുള്ള യാത്രാമധ്യേ മരണപ്പെട്ട പരമേശ്വരൻ മൂത്തതിന്റെ സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. മകൾ കാർത്തികയ്ക്ക് കൃഷ്ണദേവ് താലിചാർത്തി. കാണാമറയത്തിരുന്ന് ആ അച്ഛന്റെ ആത്മാവും സന്തോഷത്തോടെ അനുഗ്രഹം ചൊരിഞ്ഞിരിക്കാം, പ്രതിസന്ധിഘട്ടത്തിൽ കൈവിടാതെ ചേർത്തുപിടിച്ച കൈകളിൽതന്നെ മകളെ ഏൽപ്പിച്ചതിന്... ഏപ്രിൽ 29-ന് നടക്കേണ്ടതായിരുന്നു വൈക്കം ഉദയനാപുരം വാതുക്കോടത്ത് ഇല്ലത്ത് വി.എസ്. പരമേശ്വരൻ മൂത്തതിന്റെ മകൾ കാർത്തികയും വടകര ഓർക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മകൻ കൃഷ്ണദേവും തമ്മിലുള്ള വിവാഹം. ലോക്ഡൗണായതിനാൽ ലളിതമായ ചടങ്ങിൽ വിവാഹം നടത്താൻ പരമേശ്വരൻ മൂത്തതും മകൾ കാർത്തികയും സഹോദരൻ കണ്ണനും മാത്രം 28-ന് വടകര ഓർക്കാട്ടേരിയിലേക്ക് യാത്രതിരിച്ചു. പയ്യോളിയിൽ എത്തിയപ്പോൾ പരമേശ്വരൻ മൂത്തത് കുഴഞ്ഞുവീണു. ഉടൻ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ചെറുപ്പത്തിലേ അമ്മ മരിച്ച കാർത്തികയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുകയെന്നത് ഇദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു. കൈയെത്തും ദൂരെയാണ് ആ സ്വപ്നം വീണുടഞ്ഞത്. കാർത്തികയും കണ്ണനും തകർന്നുപോയ ആ നിമിഷത്തിൽ വരൻ കൃഷ്ണദേവും കുടുംബവുമാണ് കാർത്തികയ്ക്കും സഹോദരനും താങ്ങായിനിന്നത്. കൃഷ്ണദേവും ബന്ധുക്കളും ആംബുലൻസിൽ മൃതദേഹവുമായി വൈക്കത്തേക്കുപോയി. എല്ലാ ചടങ്ങുകൾക്കും ഇവർ താങ്ങായിനിന്നു. മകളുമായി കതിർമണ്ഡപത്തിലേക്കുള്ള യാത്രാമധ്യേ അച്ഛൻ ഹൃദയാഘാതത്താൽ മരിച്ചു ചടങ്ങുകളെല്ലാം കഴിഞ്ഞശേഷം ചൊവ്വാഴ്ച കൃഷ്ണദേവ് കാർത്തികയ്ക്ക് താലിചാർത്തി. ഈ സാഹചര്യത്തിൽ ആ കുടുംബത്തിന് ഇതിലും വലിയ സുരക്ഷിതത്വമില്ലെന്ന തിരിച്ചറിവിലാണ് പെട്ടെന്നുതന്നെ കല്യാണം നടത്തിയത്. ഓർക്കാട്ടേരി പാറോളി ഇല്ലത്തെ ദേവീസന്നിധിയിലായിരുന്നു ചടങ്ങ്. കൃഷ്ണദേവിന്റെ അടുത്തബന്ധുക്കളും കാർത്തികയുടെ സഹോദരൻ കണ്ണനും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പുഴക്കര കേശമംഗലത്തില്ലത്ത് വിഷ്ണുനമ്പൂതിരി കാർമികത്വം വഹിച്ചു. Content Highlight: late parameswaran moothaths daughter karthika married


from mathrubhumi.latestnews.rssfeed https://ift.tt/2Lqc0Js
via IFTTT