Breaking

Wednesday, May 20, 2020

കോവിഡ് പ്രതിരോധം: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈവശമുള്ള സ്വർണത്തിന് പകരമായി പണം നൽകണമെന്ന് വെനസ്വേല

കരാക്കസ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈവശമുള്ള സ്വർണത്തിന് പകരം ഒരു ബില്യൺ ഡോളർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വെനസ്വേല ലണ്ടൻ കോടതിയെ സമീപിച്ചു. മെയ് 14നാണ് ഇതുസംബന്ധിച്ച അവകാശവാദം ലണ്ടൻ കോടതിയിൽ വെനസ്വേല ഫയൽ ചെയ്തിരിക്കുന്നത്. സ്വർണത്തിന്റെ മൂല്യം വരുന്ന തുക ഐക്യരാഷ്ട്ര വികസന പദ്ധതിയിലേക്ക് (യുഎൻഡിപി) കൈമാറ്റം ചെയ്യണമെന്നാണ് സെൻട്രൽ ബാങ്ക് ഓഫ് വെനിസ്വേല ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പടെയുള്ളവ വാങ്ങാനാണ് വെനസ്വേലയുടെ നീക്കം. കർശനമായ അന്താരാഷ്ട്ര ഉപരോധത്തിന് വിധേയമായിരിക്കുന്ന നിക്കോളാസ് സർക്കാരിനെ സംബന്ധിച്ചിടത്തോളം സ്വർണശേഖരം വിറ്റഴിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ നിരവധി വികസ്വര രാജ്യങ്ങളുടെ സ്വർണസൂക്ഷിപ്പുകാരായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 618 കോവിഡ് 19 കേസുകളാണ് വെനസ്വേലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേർ മരിച്ചു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തിൽ വെനിസ്വേലയുടെ സമ്പദ്വ്യവസ്ഥ പാടേ തകർന്നിരിക്കുകയാണ്. യുകെ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങൾ നിക്കോളാസിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുമില്ല. അവശ്യവസ്തുക്കളുൾപ്പടെയുള്ളവയുടെ ദൗർലഭ്യത്തെ തുടർന്ന് ദശലക്ഷണക്കണക്കിന് ആളുകളാണ് അടുത്തകാലത്ത് രാജ്യത്ത് നിന്ന് പാലായനം ചെയ്തത്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നിക്കോളാസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് മാർച്ച് മുതൽ രാജ്യം അടച്ചിട്ടിരിക്കുകയാണ്. Content Highlights:Venezuelan bank files legal claim with Bank of England over gold


from mathrubhumi.latestnews.rssfeed https://ift.tt/2Thfm5N
via IFTTT