കൊച്ചി: മാപ്പ്...റബിഉൽ മാപ്പ്. അബോധാവസ്ഥയിലായിക്കെ ആശുപത്രിക്കിടക്കയിൽ ഒരുമാസത്തിലേറെ അനാഥനായി കിടത്തേണ്ടിവന്നതിൽ...വീടുതേടിയുള്ള നിന്റെയാത്ര അതിർത്തിയിൽ തടഞ്ഞ് തിരിച്ചയക്കേണ്ടി വന്നതിൽ...പ്രിയപ്പെട്ടവരെയൊന്നും ഒരു നോക്കുകാണിക്കാതെ ആശുപത്രിക്കിടക്കയിൽനിന്ന് മരണത്തിലേക്കു പറഞ്ഞുവിടേണ്ടി വന്നതിൽ...നാടണയണമെന്ന മോഹം ബാക്കിയാക്കി ഈ മണ്ണിൽതന്നെ നിന്നെ ഉറക്കേണ്ടിവന്നതിൽ...ലോക്ഡൗൺകാലത്തെ തീരാസങ്കടമായി റബിഉൽ ഇസ്‌ലാം (34) എന്ന പശ്ചിമബംഗാളുകാരനായ അതിഥിതൊഴിലാളി വിടചൊല്ലി. തലച്ചോറിലേക്കുള്ള ഞെരമ്പുപൊട്ടി ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച മരിച്ചു. ചികിത്സാഘട്ടം കഴിഞ്ഞെന്നും ഇനി വേണ്ടത് വീട്ടിലെത്തിയുള്ള പാലിയേറ്റീവ് പരിചരണമാണെന്നും ഡോക്ടർമാർ വിധിയെഴുതിയിരുന്നു. രണ്ടാഴ്ചമുമ്പ് നാട്ടിലേക്കു കൊണ്ടുപോകാൻ കളക്ടറുടെ അനുമതിയോടെ ശ്രമങ്ങളുംനടന്നു. ആംബുലൻസിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തമിഴ്‌നാട് അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. എറണാകുളം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും പാലിയേറ്റീവ് പരിചരണമാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. റബിഉൽ അനാഥനായി രണ്ടാഴ്ച പിന്നെയും ആശുപത്രിയിൽ കിടന്നു. ചൊവ്വാഴ്ച മരിച്ച് മോർച്ചറിയിലേക്ക് മാറ്റിയപ്പോഴും മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായി. സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.പി. ആൽബർട്ടിന്റെ നേതൃത്വത്തിൽ ചിലർ ചേർന്ന് മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകാനുള്ള വഴിതേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പൊന്നുരുന്നി ജുമാമസ്ജിദിൽ കബറടക്കി.മയ്യിത്ത് നമസ്‌കാരത്തിനായി മൃതദേഹം പള്ളിയിലേക്കെടുത്തപ്പോൾ വീഡിയോകോളിലൂടെ ബന്ധുക്കൾ മൃതദേഹം അവസാനമായി ഒരു നോക്കുകാണാനെത്തി. ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളികൾ സ്‌ക്രീനിൽ തെളിഞ്ഞു. മുന്നിൽ വെള്ളപുതച്ച് റബിഉൽ. സങ്കടങ്ങളുടെ വലിയൊരു കടൽ ഒരുപാടുദൂരത്തിനപ്പുറം ഇരമ്പുമ്പോൾ റബിഉൽ ഈ മണ്ണിലുറങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2T5gbhR
via
IFTTT