Breaking

Saturday, May 9, 2020

പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങള്‍; ജലാശ്വ നാളെ തീരത്ത്, കണ്ണൂരില്‍ ചൊവ്വാഴ്ച ആദ്യ വിമാനം

നെടുമ്പാശ്ശേരി: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ശനിയാഴ്ച കേരളത്തിൽനിന്നു മൂന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ യാത്രതിരിക്കും. കുവൈത്ത്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണിത്. കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയിൽനിന്നു രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15-ന് കൊച്ചിയിൽ മടങ്ങിയെത്തും. മസ്കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിൽനിന്നു യാത്രതിരിക്കും. രാത്രി 8.50-ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലർച്ചെ 1.40-ന് മടങ്ങിയെത്തും. ഞായറാഴ്ച ദോഹയിലെയും കൊലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാൻ രണ്ടുവിമാനങ്ങൾ പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടുനിന്നു ദോഹയിലേക്കു പറക്കുന്ന വിമാനം രാത്രി 10.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിൽനിന്നു കൊലാലംപുരിലേക്ക് യാത്രതിരിക്കുന്ന വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും. ഓരോ വിമാനത്താവളത്തിലും ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിനനുസരിച്ച് സമയക്രമത്തിൽ മാറ്റംവന്നേക്കാം. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികൾ യാത്രക്കാരുടെ മുൻഗണനപ്പട്ടിക തയ്യാറാക്കി വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതുപ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത് പ്രവാസികളെ എത്തിക്കുന്ന വിമാനങ്ങളിൽ അതത് രാജ്യങ്ങളിലെ പൗരൻമാരെ കൊണ്ടുപോകാൻ അനുമതി പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാൻ പോകുന്ന വിമാനങ്ങളിൽ അതത് രാജ്യങ്ങളിലെ പൗരൻമാരെ കൊണ്ടുപോകാൻ അനുമതി. ബഹ്റൈൻ, സിങ്കപ്പൂർ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ളത്. ബഹ്റൈനിലേക്ക് അവിടത്തെ പൗരൻമാരെയും പെർമനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാൻ അനുമതിയായി. പ്രവാസികളെ നാട്ടിലെത്തിക്കാൻ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നു ബഹ്റൈനിലേക്കു പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഏതാനുംപേർ യാത്രതിരിച്ചു. തിങ്കളാഴ്ച ബഹ്റൈനിലേക്ക് ഒരു വിമാനംകൂടി കേരളത്തിൽനിന്നുപോകും. അതിൽ കൂടുതൽ യാത്രക്കാരുണ്ടാകും. ഖത്തറിലേക്കുപോകുന്ന വിമാനത്തിൽ ഖത്തർ പൗരൻമാരെ എത്തിക്കാൻമാത്രമേ അനുമതിയുള്ളൂ. സിങ്കപ്പൂരിലേക്കുപോകുന്ന വിമാനത്തിൽ സിങ്കപ്പൂർ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ് വിസയുള്ളവർക്കും ലോങ് ടേം പാസുള്ളവർക്കും നിബന്ധനകൾക്കുവിധേയമായി യാത്രതിരിക്കാം. 12-നാണ് സിങ്കപ്പൂരിലേക്കു സർവീസ്. കണ്ണൂർ വിമാനത്താവളം സജ്ജം; ചൊവ്വാഴ്ച ആദ്യവിമാനമെത്തും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർണസജ്ജമായി. അവസാനഘട്ട ഒരുക്കങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ വിമാനത്താവളത്തിൽ ചേർന്ന യോഗം വിലയിരുത്തി. 12ന് രാത്രി 7.10-ന് ദുബായിൽനിന്നുള്ള ആദ്യവിമാനം കണ്ണൂരിലിറങ്ങും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170-ലേറെ യാത്രക്കാരുണ്ടാകും. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കുക. കൊച്ചിയിലേക്ക് കൂടുതൽ വിമാനങ്ങൾ യാത്രക്കാരെ കൊണ്ടുപോകുന്നതിനും ചരക്കുനീക്കത്തിനുമായി കൊച്ചിയിലേക്ക് കൂടുതൽ വിമാനങ്ങളെത്തുന്നു. ശനിയാഴ്ച ഫ്ളൈ ദുബായ് കൊച്ചിയിലേക്കെത്തും. മെഡിക്കൽസംഘത്തെ കൊണ്ടുപോകുന്നതിനായാണ് വിമാനം. കൊച്ചിയിലെത്തുന്ന വിമാനം ഇവിടെനിന്ന് 62 പേരെയും കയറ്റി ബെംഗളൂരുവിലേക്ക് പോകും. അവിടെനിന്നുള്ള യാത്രക്കാരെയുംകയറ്റി ദുബായിലേക്കും. മൊത്തം 84 യാത്രക്കാരാണ് ഈ വിമാനത്തിൽ. ഞായറാഴ്ച സ്പൈസ് ജെറ്റ് വിമാനം ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കും റിയാദിൽനിന്ന് കൊച്ചിയിലേക്കും ഓരോ സർവീസ് നടത്തും. ഞായറാഴ്ച എയർഇന്ത്യ കൊച്ചി-മുംബൈ സർവീസിന് അനുമതിചോദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിലഭിച്ചാൽ ആ സർവീസും ഉണ്ടാകും. 12-ന് കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് എയർഇന്ത്യ സർവീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച ഖത്തർ എയർവേയ്സും ഇത്തിഹാദ് എയർലൈൻസും കൊച്ചിയിൽനിന്ന് കാർഗോ സർവീസ് നടത്തി. ജലാശ്വയിലേറി മാലെദ്വീപിലെ മലയാളികൾ നാട്ടിലേക്ക് നീണ്ട കാത്തിരിപ്പിനൊടുവിൽ മാലെദ്വീപിലെ പ്രവാസികളായ മലയാളികൾ നാടിന്റെ തണലിലേക്ക്. പ്രവാസികളെയുംകൊണ്ടുള്ള ആദ്യ കപ്പൽ ഐ.എൻ.എസ്. ജലാശ്വ വെള്ളിയാഴ്ച രാത്രി മാലെദ്വീപിൽനിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ലോക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേന അയച്ച രണ്ടുകപ്പലുകളിൽ ആദ്യത്തേതാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എൻ.എസ്. മഗർ അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായ ആദ്യ കപ്പലിൽ 732 പേരാണ് കൊച്ചിയിലേക്ക് തിരിക്കുന്നത്. ഇതിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്. വ്യാഴാഴ്ചയാണ് കപ്പൽ മാലെ തുറമുഖത്തെത്തിയത്. മാലെ എയർപോർട്ടിൽ സുരക്ഷാപരിശോധനകൾക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്. കപ്പൽ ഞായറാഴ്ച കൊച്ചിയുടെ തീരമണയും. പരമാവധി 48 മണിക്കൂറാണ് നാവികസേന പ്രതീക്ഷിക്കുന്ന യാത്രാസമയം. കാലാവസ്ഥ അനുകൂലമായാൽ ഒരുപക്ഷേ അതിലും കുറഞ്ഞ സമയംകൊണ്ടും എത്തിയേക്കാം. Content Highlights:coronavirus-pravasi return-three flights to Kerala today


from mathrubhumi.latestnews.rssfeed https://ift.tt/2zjFEx4
via IFTTT