കോഴിക്കോട് : ഒന്നരമാസം പ്രതിശ്രുതവരന്റെ വീട്ടിൽ വിരുന്നുകാരിയായി കഴിഞ്ഞശേഷം ഗുജറാത്തിപ്പെൺകൊടിക്ക് മാംഗല്യം. ലോക്ഡൗൺകാലത്ത് 28 ദിവസം ഒരേവീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞശേഷമാണ് കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വൽ രാജ് മുംബൈക്കാരിയായ ഹേതൽ മോദിയെ വരണമാല്യമണിയിച്ചത്. നാലുവർഷം മുമ്പ് ഇംഗ്ലണ്ടിൽ മൊട്ടിട്ട പ്രണയത്തിന് കല്ലായി കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ അങ്ങനെ ശുഭസാഫല്യം. ഏപ്രിൽ അഞ്ചിന് തീരുമാനിച്ചിരുന്ന വിവാഹമാണ് ഒരുമാസത്തിനുശേഷം നടത്തിയത്. കുണ്ടൂപ്പറമ്പ് 'ഉജ്ജ്വൽകൃഷ്ണ' വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ രാജൻ പുത്തൻപുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വൽ രാജ് ഓസ്ട്രേലിയയിൽ മെക്കാനിക്കൽ എൻജിനിയറാണ്. ഹേതൽ മോദി മുംബൈയിൽ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതൽ മുംബൈയിലാണ് സ്ഥിരതാമസം. യു.കെ. മാഞ്ചസ്റ്ററിലെ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഇവർ പ്രണയികളായത്. ഇരുകുടുംബങ്ങളും സമ്മതം മൂളിയതോടെ ഏപ്രിൽ അഞ്ചിന് കോഴിക്കോട്ട് വിവാഹംനടത്താൻ തീരുമാനിച്ചു. അതിനിടയിലാണ് കോവിഡ് ഭീഷണി വില്ലനായത്. മാർച്ച് 17-നുതന്നെ ഉജ്ജ്വൽ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈൻ വേണ്ടതിനാൽ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. രാജ്യമാകെ ലോക്ഡൗണായതിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടിൽ ക്വാറന്റൈനിലായത്. ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ച വിവാഹത്തിനുള്ള ക്ഷണം പൂർത്തിയാകാറായപ്പോഴാണ് കോവിഡും ക്വാറന്റൈനുമൊക്കെ വന്നത്. അതോടെ വിവാഹവേദി എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റിയിരുന്നു. 28 ദിവസം ക്വാറന്റൈൻ വേണമെന്നായതോടെ ഏപ്രിൽ അഞ്ചിന് വിവാഹം നടക്കില്ലെന്നുറപ്പായി. അന്ന് മാറ്റിവെച്ച വിവാഹമാണ് മേയ് ഏഴിന് കല്ലായിയിലെ ക്ഷേത്രത്തിൽ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുൾപ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറിൽ മൂന്നുപേർ മാത്രമായി യാത്ര. ലോക്ഡൗണായതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയിൽ നിന്നെത്താനായില്ല. എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എൺപതോളം പേർ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂർത്തസമയത്ത് സൂം ആപ്പിലൂടെ ഓൺലൈനിലെത്തി. വരന്റെ വീട്ടിൽ ഒന്നരമാസം കഴിഞ്ഞതിനാൽ മലയാളം സംസാരിക്കാനും കേരളപാചകം പരീക്ഷിക്കാനുമൊക്കെ ഹേതൽ പഠിച്ചു. ഗുജറാത്തി രുചികൾ ഉജ്ജ്വലിന്റെ കുടുംബവും അറിഞ്ഞു. പ്രാതൽ കേരളീയം, അത്താഴം ഗുജറാത്തി എന്ന മട്ടിലാണിപ്പോൾ കാര്യങ്ങളെന്ന് ഉജ്ജ്വൽ പറയുന്നു. ഉത്തരേന്ത്യൻ ശൈലിയിൽ ഹൽദിയും മെഹന്തിയുമൊക്കെ ഒരുക്കി പ്രതിശ്രുതവധുവിന്റെ സന്തോഷമുറപ്പാക്കാൻ ഉജ്ജ്വലിന്റെ സഹോദരി ജ്വൽനാ രാജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. Content Highlights:Lockdown at grooms home,The Gujarati girl got married in Calicut
from mathrubhumi.latestnews.rssfeed https://ift.tt/3bfO0mD
via
IFTTT