ചെന്നൈ: ദളിത് ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഡിഎംകെ സംഘാടക സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ആർ.എസ്. ഭാരതിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 1989 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഭാരതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഭാരതിക്കെതിരെ പരാതി ലഭിച്ചിരുന്നു. പ്രകോപനപരമായ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്ത് 30 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കാനും മെയ് 12 ന് ഹൈക്കോടതി ചെന്നൈ പോലീസിന് നിർദേശം നൽകിയിരുന്നു. ആദി തമിഴർ മക്കൾ കച്ചി നേതാവ് കല്യാണസുന്ദരം മെയ് 12 ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഇത് സിസിബിയിലേക്ക് മാറ്റി. മുൻ മുഖ്യമന്ത്രി കരുണാനിധിയാണ് മുൻ സുപ്രീം കോടതി ജഡ്ജി എ. വരദരാജനെ ഉന്നത ജുഡീഷ്യറിയിലേക്ക് ഉയർത്തിയതെന്നും പട്ടികജാതിയിൽ നിന്ന് ഏഴ് മുതൽ എട്ട് വരെ ആളുകളെ ജഡ്ജിമാരായി ഉയർത്തിയത് ദ്രാവിഡ പ്രസ്ഥാനം നൽകിയ ദാനമല്ലാതെ മറ്റൊന്നുമല്ലെന്നും എംപി അവകാശപ്പെട്ടുവെന്ന് പരാതിക്കാരൻ പറഞ്ഞു. ഡിഎംകെ നേതാവ് നടത്തിയ പ്രസംഗം ഏറ്റവും താഴ്ന്ന ജുഡീഷ്യൽ തസ്തികയിൽ നിന്ന് പടിപടിയായി ഉയർന്നുവന്ന ജസ്റ്റിസ് വരദരാജനെ അവഹേളിക്കുക മാത്രമല്ല, പട്ടികജാതി വിഭാഗത്തിലെ അംഗങ്ങൾക്കെതിരെ ശത്രുത, വിദ്വേഷം, അസൂയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിക്കാരൻ ആരോപിച്ചു. നേരത്തെ, കേസുമായി ബന്ധപ്പെട്ട് കീഴടങ്ങാൻ തീരുമാനിച്ച ദിവസം തന്റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. Content Highlights: Chennai police arrest DMK MP RS Bharathi for derogatory remarks against Dalit judges
from mathrubhumi.latestnews.rssfeed https://ift.tt/36p6Kzf
via
IFTTT