തിരുവനന്തപുരം: മദ്യശാലകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച് മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടി. കോവിഡ് വ്യാപനമൊഴിവാക്കാൻ പാകത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ എങ്ങനെ ഉറപ്പാക്കാമെന്നാണ് പരിശോധിക്കുന്നത്. മദ്യശാലകളിൽ വെർച്വൽ ക്യൂ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. മദ്യശാലകൾ തുറക്കുന്നകാര്യത്തിൽ തിരിക്കുപിടിച്ചുള്ള തീരുമാനം വേണ്ടെന്നാണ് സർക്കാർ നിലപാട്. മദ്യശാലകൾ തുറന്നപ്പോൾ മറ്റു സംസ്ഥാനങ്ങളിലുണ്ടായ അവസ്ഥകൂടി പരിഗണിച്ചാണിത്. എന്നാൽ, സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും വ്യാജമദ്യനിർമാണം കൂടുന്നുണ്ടെന്ന എക്സൈസ് വകുപ്പിന്റെ റിപ്പോർട്ടും കണക്കിലെടുത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഏറെക്കാലം അടച്ചിടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. അതാണ് സുരക്ഷയുറപ്പാക്കി മദ്യശാലകൾ തുറക്കാൻ നിർദേശം തേടിയത്. 13-ന് കള്ളുഷാപ്പുകൾ തുറക്കാമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കള്ളുഷാപ്പിലെ ക്രമീകരണങ്ങൾ സുരക്ഷിതമാണോ എന്നു പരിശോധിച്ചശേഷമാകും മദ്യശാലകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക. മദ്യശാലകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതിനൽകിയിട്ടുണ്ട്. എന്നാൽ, അത് പെട്ടെന്ന് നടപ്പാക്കാൻ കേരളം തയ്യാറായിരുന്നില്ല. ക്യൂ എങ്ങനെയാവണം, ഒരേസമയം എത്രപേർ ക്യൂവിലുണ്ടാകാം, ശാരീരിക അകലം പാലിക്കാൻ എന്തെല്ലാം ക്രമീകരണമാകാം എന്നിവ വിശദമായി അറിയിക്കണമെന്നാണ് പോലീസ് മേധാവിക്കു നൽകിയിരിക്കുന്ന നിർേദശം. പോലീസിന്റെ റിപ്പോർട്ടനുസരിച്ചുള്ള ക്രമീകരണങ്ങൾ ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും ഏർപ്പെടുത്തും. അതിനുശേഷമേ മദ്യശാലകൾ തുറക്കൂ.ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ പോലീസ് നിർദേശിച്ച സംവിധാനമാണ് വെർച്വൽ ക്യൂ. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വേർ ക്രമീകരിച്ചിട്ടുണ്ട്. ഇതേ മാതൃക മദ്യശാലകളിൽ ഒരുക്കാനാകുമോയെന്നാണു പരിശോധിക്കുന്നത്. മദ്യം ഓൺലൈനായി വീട്ടിലെത്തിക്കാൻ സുപ്രീംകോടതിപോലും പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും അത് രാഷ്ട്രീയമായി വിമർശിക്കപ്പെടുമെന്ന തോന്നൽ സർക്കാരിനുണ്ട്. എന്നാൽ, വെർച്വൽ ക്യൂ ഈ വിമർശനസാധ്യതയെപ്പോലും ഇല്ലാതാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2SOY1Ri
via
IFTTT