Breaking

Saturday, May 9, 2020

ആ വിമാനത്തിന് അമ്മമനസ്സ്...

മലപ്പുറം: ആ യന്ത്രപ്പക്ഷിക്ക് ഒരു മനസ്സുണ്ടായിരുന്നെങ്കിൽ അതിന്റെ ഇരമ്പത്തിന് ഒരു താരാട്ടിന്റെ ഈണമുണ്ടാകുമായിരുന്നു. റിയാദിൽനിന്ന് വെള്ളിയാഴ്ച കരിപ്പൂരിൽ പറന്നിറങ്ങിയ എ.ഐ. 922 വിമാനത്തിന് അമ്മമനസ്സായിരുന്നു. 152 യാത്രികരിൽ 84 പേരും ഗർഭിണികൾ. കൂടാതെ 22 കുട്ടികളും അവരുടെ അമ്മമാരും. അത്രയേറെ കരുതലോടെയായിരുന്നു രണ്ടാംഘട്ട വരവ്. എല്ലാവർക്കും പ്രത്യേക ആരോഗ്യപരിശോധനയുണ്ടായി.കഴിഞ്ഞദിവസം കൊച്ചിയിലിലെത്തിയ വിമാനത്തിൽ 49 ഗർഭിണികളും കോഴിക്കോട്ടെത്തിയ വിമാനത്തിൽ 19 ഗർഭിണികളുമുണ്ടായിരുന്നു. ഇവരെയെല്ലാം കോവിഡ് സെന്ററിലെ ക്വാറന്റൈനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.ഏറെ ശ്രദ്ധയോടെയാണ് ഗർഭിണികളെയും അമ്മമാരെയും ഗൾഫിൽനിന്ന് നാട്ടിലെത്തുംവരെ പരിചരിച്ചത്. എവിടെയും ക്യൂ നിർത്താതെ പ്രത്യേക പരിഗണന നൽകി. വിമാനത്തിൽ ഓരോസീറ്റിലും ലഘുഭക്ഷണം, വെള്ളം, സാനിറ്റൈസർ, മാസ്‌ക് എന്നിവയുണ്ടായിരുന്നുവെന്ന് വ്യാഴാഴ്ചത്തെ യാത്രികയായ ആലങ്കോട് എവറാംകുന്ന് കുന്നിലവളവിൽ ഇർഷാദിന്റെ ഭാര്യ ഹന്നത്ത് ’മാതൃഭൂമി’യോട് പറഞ്ഞു. ഗർഭിണിയായ ഹന്നത്തിനൊപ്പം ഒന്നരവയസ്സുള്ള മകനുമുണ്ടായിരുന്നു.ഘട്ടംഘട്ടമായാണ് വിമാനത്തിൽനിന്ന് യാത്രക്കാരെ പുറത്തിറക്കിയത്. തെർമൽ സ്‌കാനറിലെ പരിശോധനയ്ക്കുശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ക്ലാസുണ്ടായി. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിൽ ഗൈനക്കോളജിസ്റ്റിനോടൊപ്പം പ്രത്യേകം പരിശീലനംലഭിച്ച നഴ്‌സുമാരുമുണ്ടായിരുന്നു. വിമാനയാത്രയിലോ പിന്നീടോ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നും വീട്ടിലേക്കുള്ള യാത്രയിൽ ആവശ്യമുള്ള ഭക്ഷണവും നൽകിയാണ് യാത്രയാക്കിയതെന്നും ഹന്നത്ത് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2L9k690
via IFTTT