പാലക്കാട്:ലോക്ഡൗൺ തുടങ്ങുംവരെ ബസ് മുതലാളിയായിരുന്നു സുന്ദർരാജ്... അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ നിണ്ടു. വരുമാനം പൂർണമായി നിലച്ചപ്പോൾ സുന്ദർരാജ് പകച്ചുനിന്നില്ല... 49 വയസ്സിനിടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും കണ്ട സുന്ദർരാജ് അറിയുന്നപണി ചെയ്യാനിറങ്ങി; എല്ലാം ആദ്യംമുതൽ മെനഞ്ഞെടുക്കാമെന്നുള്ള ആത്മവിശ്വാസത്തോടെ. ഇത് ഒരു സിനിമാക്കഥയേയല്ല. വെള്ളിയാഴ്ചത്തെ ഉരുകുന്ന വെയിലിൽ വാളയാറിൽ റോഡരികിലെ ചായപ്പീടിക മഴവരുംമുമ്പേ കെട്ടിമേയാനുള്ള അറ്റകുറ്റപ്പണിക്ക് കൈയാളായിരുന്നു സുന്ദർരാജൻ. 600 രൂപയാണ് ഇവിടെ സഹായികൾക്കുള്ള ദിവസക്കൂലി. വാളയാർ-പാലക്കാട് റൂട്ടിൽ ഓടുന്ന ലോട്ടസ് ബസ്സുടമ പൂലാമ്പാറ സ്വദേശി സുന്ദർരാജിനെ പരിചയമില്ലാത്തവർ വളരെ കുറവാണ്. 2003-ൽ ഡ്രൈവറായിത്തുടങ്ങി ആദ്യത്തെ ബസ് വാങ്ങുമ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു. 2016-ൽ പുതിയൊരു ബസ്സുകൂടി നിരത്തിലിറക്കി. വരവ് കുറയുകയും ചെലവ് കൂടുകയും സാമ്പത്തികപ്രതിസന്ധിയാവുകയും ചെയ്തതോടെ ആദ്യത്തെ ബസ് വിറ്റു. സ്വന്തം ബസ്സിൽ വീണ്ടും ഡ്രൈവറുടെജോലി ഏറ്റെടുത്തു. ആ കൂലി പുറത്ത് കൊടുക്കേണ്ടല്ലോ എന്നതായിരുന്നു ചിന്ത. ആദ്യമൊക്കെ ചെലവും കൂലിയും കഴിഞ്ഞ് 2,000 രൂപവരെ മിച്ചംപിടിക്കാനായിരുന്നു. ഒടുവിലത് 700 രൂപവരെയായും കുറഞ്ഞെന്ന് സുന്ദർരാജ് പറയുന്നു. ബാങ്ക് വായ്പകൾ കുടിശ്ശികയായതോടെ കുറച്ച് സ്ഥലം വിറ്റു. ബാധ്യതകൾ കുറെയൊക്കെ തീർത്തു. പതുക്കെ ജീവിതം പച്ചപിടിക്കുന്നതിനിടെയാണ് കൊറോണയും അടച്ചിടൽ കാലവും എത്തിയത്. ബാങ്ക് വായ്പകൾ വീണ്ടും കുടിശ്ശികയായി. നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായ അവസ്ഥയെത്തിയപ്പോൾ എല്ലാംമറന്ന് കൂലിപ്പണിതേടി ഇറങ്ങി. ജോലി ചോദിച്ചപ്പോൾ പലരും കളിയാക്കി. സൗജന്യമായിക്കിട്ടിയ റേഷനരിയും സാധനങ്ങളും കൊണ്ട് കുടുംബം ഇത്രദിവസം ജീവിച്ചു. ദിവസച്ചെലവിനുപോലൂം പണമില്ലാതെവന്നപ്പോഴാണ് രണ്ടുംകല്പിച്ച് കൂലിപ്പണിക്കിറങ്ങിയത്. അഞ്ചിലും പത്തിലും പഠിക്കുന്ന രണ്ട് കുട്ടികളുള്ള കുടുംബത്തിന്റെ ഏക വരുമാനം ഇനിയുള്ള ദിവസക്കൂലിയാണ്. Content Highlights: Before lock down Sundarraj was a bus owner now he is a daily wage earner
from mathrubhumi.latestnews.rssfeed https://ift.tt/2Wy5hly
via
IFTTT