Breaking

Thursday, May 21, 2020

ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ പ്രകോപനപരം, ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

വാഷിങ്ടൺ: ഇന്ത്യാ- ചൈനാ അതിർത്തി തർക്കത്തിൽ ചൈനയെ വിമർശിച്ച് അമേരിക്ക. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമായ പെരുമാറ്റമാണെന്ന് മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. ലഡാക്കിൽ ഇന്ത്യാ- ചൈനാ സംഘർഷം നിലനിൽക്കുന്നതിനെപ്പറ്റിയാണ് ഇവരുടെ പരാമർശം. ചൈനയുടെ കടന്നുകയറ്റങ്ങൾ എല്ലായ്പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിർത്തിയിലെ സംഭവങ്ങളെന്ന് ആലിസ് വെൽസ് പറയുന്നു. ദക്ഷിണ ചൈനാക്കടലിലായാലും അല്ലെങ്കിൽ ഇന്ത്യയുടെ അതിർത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും തങ്ങൾ കാണുന്നുണ്ടെന്നും ചൈന അതിന്റെ വളരുന്ന ശക്തി എങ്ങനെ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന ചോദ്യങ്ങളുയർത്തുന്നുവെന്നും അവർ പറയുന്നു. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിൻസ്, ബ്രൂണെ, തായ്വാൻ തുങ്ങിയ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലിൽ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. കിഴക്കൻ ചൈനാ കടലിലും ഇതുതന്നെയാണ് സ്ഥിതി. കടലിലിലെ നിരവധി ദ്വീപുകളിൽ ചൈന സൈനിക താവളങ്ങൾ സജ്ജമാക്കി. ധാതു നിക്ഷേപവും വാതക നിക്ഷേപവുമുള്ള മേഖലകൾ മാത്രമല്ല ഇവിടം ആഗോള സമുദ്ര ഗതാഗതത്തിന്റെ നിർണായക ഭാഗം കൂടിയാണെന്നും ആലിസ് വെൽസ് പറയുന്നു. അതിനാൽ എല്ലാവർക്കും പ്രയോജനം നൽകുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേൽക്കോയ്മയുള്ള സംവിധാനത്തെയല്ലെന്നും അവർ പറഞ്ഞു. അതിർത്തി തർക്കങ്ങൾ ചൈന ഉയർത്തുന്ന ഭീഷണിയുടെ ഓർമപ്പെടുത്തലാണെന്നും അവർ മുന്നറിയിപ്പ് നൽകി. ലഡാക്കിലും സിക്കിമിലും ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ വിവിധ സമയങ്ങളിൽ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു. ലഡാക്കിലെ പാങ്ങോങ് സൊ തടാക തീരത്തും, സിക്കിമിലെ നാകുലാ പാസിലുമാണ് സൈനികർ ഏറ്റുമുട്ടിയത്. ഇത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. Content Highlights:US backs India over border tension with China,


from mathrubhumi.latestnews.rssfeed https://ift.tt/2TqvD8v
via IFTTT