Breaking

Wednesday, May 20, 2020

മലയാളി ആരോഗ്യപ്രവർത്തകനോട് കോവിഡ് അനുഭവങ്ങൾ തിരക്കി ശൈഖ് മുഹമ്മദ്

അബുദാബി : മലയാളിയായ ആരോഗ്യപ്രവർത്തകനോട് കോവിഡ് പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞും നന്ദിയറിയിച്ചും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.യിൽ കോവിഡ് എമർജൻസി വിഭാഗത്തിൽ ജോലിചെയ്യുന്ന മീനടം സ്വദേശി അരുൺ ഈപ്പനോടാണ് ശൈഖ് മുഹമ്മദ് വീഡിയോ കോളിലൂടെ സംസാരിച്ചത്. വീഡിയോയുടെ പൂർണരൂപം യു.എ.ഇ. ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിടുകയും ചെയ്തു. ശൈഖ് തയിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ്‌ സലാമ ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ നഹ്യാൻ എന്നിവരും വീഡിയോ കോൺഫറൻസിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വീഡിയോകോളിൽ ആരോഗ്യ പ്രവർത്തകന്റെ പേര് വിളിച്ച് അഭിസംബോധന ചെയ്താണ് ശൈഖ് മുഹമ്മദ് വിശേഷങ്ങൾ തിരക്കിയത്. ‘‘ഞങ്ങൾക്കൊപ്പം അരുൺ ഉണ്ട്’’ എന്നുപറഞ്ഞ് തുടങ്ങിയ ശൈഖ് മുഹമ്മദ് ആരോഗ്യപ്രവർത്തകന്റെ ജോലിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അന്വേഷിച്ചു. ദൈവാനുഗ്രഹത്താൽ ജോലി നന്നായി പോകുന്നുവെന്നും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് വീട്ടുകാരുടെ ആശങ്കയകറ്റുന്നുവെന്നും അരുൺ മറുപടി അറിയിച്ചു. തുടർന്ന് യു.എ.ഇ.യിലെ അനുഭവങ്ങൾ പങ്കുവെക്കാൻ ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ‘‘യു.എ.ഇ. രണ്ടാമത്തെ വീടാണ്. ഈ സമയത്ത് തന്റെ അനുഭവ സമ്പത്ത് ഈ നാടിന്റെ ആരോഗ്യ മേഖലയിൽ പ്രയോജനപ്പെടുത്താൻ അനുവാദം തന്നതിന് നന്ദി അറിയിക്കുന്നു. രോഗബാധിതർക്കും അശരണർക്കും വേണ്ടി നിലകൊള്ളേണ്ട സമയമാണിത്. നിരാശയും ഭയത്തോടെയുമാണ് ഓരോ രോഗിയും തങ്ങളെ സമീപിക്കുന്നത്. രോഗത്തിനുള്ള ചികിത്സയ്ക്കൊപ്പം മാനസികമായ പിന്തുണയും ഞങ്ങൾ അവർക്ക് നൽകുന്നു. ദിവസങ്ങൾക്കകം സാധാരണ മാനസികാവസ്ഥയിലേക്ക് എത്തുന്ന അവരുടെ കണ്ണുകളിൽ നമുക്ക് പ്രതീക്ഷ കാണാനാവുന്നുവെന്നും അരുൺ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ രണ്ടാമത്തെ വീട്ടിൽ തന്നെയാണ് നിലകൊള്ളുന്നതെന്നും കുടുംബാംഗങ്ങൾക്കും എല്ലാ ആശംസകളും നേരുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3bNpKs8
via IFTTT