തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ നിർണായക പങ്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ കീശ കാലിയായി. ഓരോ ദിവസവും ജോലിയും ഉത്തരവാദിത്വവും ഇരട്ടിച്ചതോടെ പണം കണ്ടെത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കഷ്ടപ്പെടുകയാണ്. പ്രതിരോധപ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ തനത്ഫണ്ട് ഉപയോഗിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതോടെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളുടെയും പണം തീർന്നു. ജനപ്രതിനിധികളടക്കമുള്ളവർ സ്പോൺസർമാരുടെ പിന്നാലെയാണ്. ജോലിക്ക് കണക്കില്ല കോവിഡ് പ്രതിരോധപ്രവർത്തനം ഊർജിതമായതോടെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പണിയുംകൂടി. ക്വാറന്റീൻ കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യം ഒരുക്കുക, ഭക്ഷണം, സമൂഹഅടുക്കളകൾക്ക് സൗകര്യം ഒരുക്കുക, വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കുക തുടങ്ങി ഒട്ടേറെ ജോലികളാണ് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലുള്ളത്. വരുമാനം തദ്ദേശസ്ഥാപനങ്ങളുടെ വരവുകൾ തനത്, സർക്കാർഫണ്ട്, മൂലധനവരവ്, വായ്പകൾ, മറ്റിനങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. തനത് വരുമാനത്തിൽ നികുതിവരവും നികുതിയേതര വരവുകളും ഉൾപ്പെടുന്നു. കെട്ടിടം (കരം), തൊഴിൽ, പ്രദർശനം, സേവനം, വിനോദം എന്നിവയാണ് നികുതിവരവുള്ള മേഖലകൾ. ലൈസൻസ്, പെർമിറ്റ്, രജിസ്ട്രേഷൻ ഫീസുകൾ, സ്ഥലം-കെട്ടിടവാടക, മാർക്കറ്റ്, ബസ്സ്റ്റാൻഡ്, അറവുശാല എന്നിവയിൽനിന്നുള്ള വരവ്, മണൽവിറ്റുവരവ്, നിക്ഷേപങ്ങളിൽ നിന്നുള്ള വരവ്, പിഴ തുടങ്ങിയവയാണ് നികുതിയേതരം. ഈ രണ്ടുവിഭാഗങ്ങളിലും കൂടിയുള്ള തനതുഫണ്ടാണ് പൂർണമായും കോവിഡ് പ്രതിരോധത്തിന് ചെലവിട്ടത്. മിടുക്കർ തിളങ്ങും സമൂഹഅടുക്കളകൾക്ക് സ്പോൺസർമാരെ കിട്ടുന്നതും മറ്റാവശ്യങ്ങൾക്ക് പണംകണ്ടെത്തുന്നതും തദ്ദേശഅധ്യക്ഷന്മാരുടെയും വാർഡ് പ്രതിനിധിയുടെയും ചുമതലയായിരിക്കുകയാണ്. തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പ് അടുത്തതിനാൽ നഷ്ടമൊന്നുംനോക്കാതെ ജനപ്രതിനിധികൾ മത്സരിച്ച് പ്രതിരോധപ്രവർത്തനത്തിനുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൈഅയച്ച് പണമിറക്കുന്ന ജനപ്രതിനിധികളും ഏറെയാണ്. പ്രത്യേക ഫണ്ടില്ല തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതല്ലാതെ ഇതിന് സർക്കാർ പ്രത്യകം പണം അനുവദിച്ചിട്ടില്ല. നേരത്തേ ആസൂത്രണംചെയ്ത പദ്ധതികൾ വെട്ടിച്ചുരുക്കി അതിന് നീക്കിവെച്ച പണം എടുക്കുകയാണിപ്പോൾ. പ്രളയബാധിത പഞ്ചായത്തുകൾ സുരക്ഷാഉപകരണങ്ങൾക്ക് മാറ്റിവെച്ച പണവും കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ZuuLDN
via
IFTTT