തൃശ്ശൂർ: 12 ജനറേറ്ററുകൾ തകരാറിലായതിനാൽ കാലവർഷം പടിവാതിലിലെത്തിയിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനാകുന്നില്ല. കേരളത്തിന്റെ വൈദ്യുതി ഉത്പാദനത്തിൽ ഇതുകാരണം 555.95 മെഗാവാട്ടിന്റെ കുറവാണ് ദിവസേനയുണ്ടാകുന്നത്. കേരളത്തിലെ 52 ജനറേറ്ററുകളിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല. ഇടുക്കി അണക്കെട്ടിൽ 42 ശതമാനമാണ് ജലസംഭരണം. മൂന്നുമാസത്തിലേറെയായി ജനറേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ മഴ കനത്താൽ ഡാം തുറക്കേണ്ടിവരുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇടുക്കി തുറന്നാൽ താഴെയുള്ള ഡാമുകളിലെ കണക്കുകൂട്ടലുകളും തെറ്റും. മഴപ്രതീക്ഷയിൽ ഡാമുകളിലെ ജലസംഭരണം മേയ് അവസാനത്തോടെ 10 ശതമാനത്തിലെത്തിക്കണം. 2018-ലെ പ്രളയമഴയ്ക്കു മുമ്പ് ഡാമുകളിലെ ജലസംഭരണം 23.77 ശതമാനമായിരുന്നു. പ്രളയത്തിൽ അണക്കെട്ടുകളും പങ്കുവഹിച്ചതായി ആരോപണമുയരാൻ കാരണവും ഇതായിരുന്നു. മുഴുവൻ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ 1,938.75 മെഗാവാട്ട് ഉത്പാദിപ്പിക്കാം. ഇപ്പോൾ 1,382.8 മെഗാവാട്ട് വൈദ്യുതോത്പാദനമേയുള്ളൂ. കേടുപാട് വന്നതും വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടതുമാണ് ഇതിലേറെയും. ഇതിൽ ഇടുക്കി ഡാമിൽ സ്ഥിതി ഗൗരവമുള്ളതാണ്. ജലനിരപ്പ് കുറയ്ക്കണമെങ്കിൽ മൂലമറ്റം പവർഹൗസിലെ ആറ്ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കണം. എന്നാൽ, ഇതിൽ രണ്ടു ജനറേറ്ററുകൾ മൂന്നുമാസം മുമ്പ് പൊട്ടിത്തെറിച്ചു. ഒരെണ്ണം അറ്റകുറ്റപ്പണിക്കായി മാറ്റി. പള്ളിവാസൽ വൈദ്യുതോത്പാദന കേന്ദ്രത്തിലെ ആറ്ജനറേറ്ററുകളിൽ മൂന്നെണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. രണ്ടെണ്ണം കഴിഞ്ഞ പ്രളയത്തിൽ കേടുവന്നതാണ്. നേര്യമംഗലത്ത് രണ്ടെണ്ണമാണ് പ്രവർത്തിക്കാത്തത്. ഷോളയാർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി, ശെങ്കുളം എന്നിവിടങ്ങളിലെ ഓരോ ജനറേറ്ററുകളും പ്രവർത്തനരഹിതമാണ്. അതേസമയം, കേരളത്തിലേക്ക് തുറക്കുന്ന തമിഴ്നാടിന്റെ പ്രധാന ഡാമുകളായ പറമ്പിക്കുളം, അപ്പർഷോളയാർ എന്നിവ 'സേഫ് സോണിലാണ്'. പറമ്പിക്കുളത്ത് 43.67 ശതമാനവും അപ്പർ ഷോളയാറിൽ 25 ശതമാനവും മാത്രമാണ് വെള്ളം. 2018-ൽ പ്രളയമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ഡാമുകൾ മുന്നറിയിപ്പ് പോലുമില്ലാതെ തമിഴ്നാട് തുറന്നുവിട്ടതാണ്. ഡാമുകളിലെ ജലനിരപ്പ് ( 2018 മേയ് - 2020 മേയ്) ഇടുക്കി 25.22 41 ശബരിഗിരി 25.56 22 ഷോളയാർ 17.26 26 ഇടമലയാർ 13.89 22 കുറ്റ്യാടി 36.19 32 തരിയോട് 10.12 19 നേര്യമംഗലം 41.84 49 പെരിങ്ങൽക്കുത്ത് 22.73 26 ലോവർപെരിയാർ 74.51 69 Content Highlights: 555 MW of power shortage in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2LFvyJD
via
IFTTT