Breaking

Friday, May 8, 2020

ഡല്‍ഹിയില്‍ അർധസൈനിക വിഭാഗങ്ങൾ കോവിഡ് ഭീഷണിയില്‍; 500 ജവാന്മാര്‍ക്ക് രോഗബാധ; മൂന്ന് മരണം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്രമസമാധാന പാലനത്തിനായി ഡൽഹിയിൽ നിയോഗിച്ചിട്ടുള്ള അർധസൈനിക വിഭാഗത്തിലെ500 ഓളം ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വിവിധ യൂണിറ്റുകളിലെ സൈനികർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സെൻട്രൽ, സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ജില്ലകളിലെ യൂണിറ്റുകളിൽ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (BSF)195 സൈനികർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചത്. രോഗബാധയെ തുടർന്ന് രണ്ട് ബിഎസ്എഫ് ജവാൻമാർ വ്യാഴാഴ്ച മരിച്ചു. 191 ജവാന്മാരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 130 ഓളം പേരുടെ രോഗബാധ ഡൽഹിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ബിഎസ്എഫ് വക്താവ് അറിയിച്ചു. ക്വാറന്റൈനിലുള്ള ജവാന്മാരുടെ നിരീക്ഷണത്തിനായി ബിഎസ്എഫ് പ്രത്യേക സെൽ ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലെ (CRPF) 159 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. 900 ഉദ്യോഗസ്ഥർ ഡൽഹിയിൽ ക്വാറന്റൈനിലാണ്. ആഭ്യന്തര മന്ത്രാലയത്തിൽ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് സിആർപിഎഫ് ജവാന്മാർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടി ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ടുപേരിൽ ഒരാൾ ഡ്രൈവറും മറ്റെയാൾ കോൺസ്റ്റബിളുമാണ്. സിആർപിഎഫും പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ 82 അംഗങ്ങൾക്കാണ് ഇതു വരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഡൽഹി പോലീസിന്റെ സേവനത്തിനായി നിയോഗിക്കപ്പെട്ട എട്ട് ജവാന്മാർക്ക് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ(CISF) 50 ഓളം അംഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു സിഐഎസ്എഫ് ജവാൻ രോഗബാധയെ തുടർന്ന് മരിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. ശസ്ത്ര സീമാ ബല്ലിലാണ്(SSB)ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സേനയിലെ 14 ജവാന്മാർക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. ക്രസമാധാനപാലനത്തിനായി 16 എസ്എസ്ബി കമ്പനികളാണ് ഡൽഹി പോലീസിന്റെ സഹായത്തിനായി പ്രവർത്തിക്കുന്നത്. മർക്കസ് നിസാമുദ്ദീനിലെ തിരച്ചിലിനും അന്വേഷണത്തിലും എസ്എസ്ബിയിലെ അംഗങ്ങൾ പങ്കെടുത്തിരുന്നുവെന്നും അവരിൽ ചിലർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചതായും ഡയറക്ടർ ജനറൽ രാഡേഷ് ചന്ദ്ര അറിയിച്ചു. ഡൽഹി പോലീസിലെ 80 പേർ ഇതുവരെ വൈറസ് പോസിറ്റീവായി.സുരക്ഷാസേനകളിലെ ജവാന്മാരുടെ പ്രതിരോധശേഷി വർധിപ്പിക്കാനും വിദഗ്ധരുമായി ആലോചിച്ച് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2Wgvned
via IFTTT