കാസർകോട്: നഷ്ടപ്പെട്ടെന്നു കരുതിയ സ്വർണം റംസാന്റെ അവസാനപത്തിലെ സന്ധ്യയിൽ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നെല്ലിക്കുന്നിലെ ഒരു പ്രവാസികുടുംബം. ഗൾഫിൽ ജോലിചെയ്യുന്ന നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിന്റെ വീട്ടിലേക്കാണ് നോമ്പിന്റെ 25-ാം ദിനത്തിന്റെ അവസാനനിമിഷം രണ്ട് സ്വർണനാണയവും ക്ഷമാപണക്കുറിപ്പുമടങ്ങുന്ന കെട്ട് ഭക്ഷണപ്പൊതിയുടെ രൂപത്തിൽ അജ്ഞാതനായ യുവാവ് എത്തിച്ചത്. സംഭവത്തെക്കുറിച്ച് ഇബ്രാഹിമിന്റെ ഭാര്യ പറയുന്നതിങ്ങനെ: 'രണ്ടുദിവസം മുമ്പ് നോമ്പുതുറക്കാൻ ഏതാനും മിനിറ്റുകൾമാത്രം ബാക്കിയുള്ളപ്പോഴാണ് വീട്ടിലെ കോളിങ് ബെൽ അടിച്ചത്. വാതിൽ തുറന്നപ്പോൾ ഹെൽമെറ്റ് ധരിച്ച ഒരു പയ്യൻ പൊതി നീട്ടിക്കൊണ്ടു പറഞ്ഞു: 'ഇതാ, ഇതു വാങ്ങണം, നോമ്പുതുറക്കാനുള്ള ഭക്ഷണമാണ്.' പൊതി വാങ്ങുന്നതിനിടയിൽ പേരുവിവരങ്ങൾ ചോദിച്ചു. ഇത് ഒരാൾ തന്നയച്ചതാണെന്നും ഇവിടെത്തരാനാണ് പറഞ്ഞതെന്നും പയ്യൻ പറഞ്ഞു. അയാൾ അപ്പുറത്തുണ്ടെന്നും പറഞ്ഞു. മറ്റു വിവരങ്ങൾ ചോദിക്കുന്നതിനുമുമ്പ് പയ്യൻ സ്കൂട്ടറിൽ സ്ഥലംവിട്ടു. ബാങ്കുവിളി കേട്ടതോടെ വീട്ടുകാർ നോമ്പുതുറന്നു. പയ്യൻ കൊണ്ടുവന്ന പൊതിയഴിച്ചു. നെയ്ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതി. അഴിച്ചുനോക്കിയപ്പോൾ അതിനകത്ത് മറ്റൊരു കുഞ്ഞുപൊതി. അതിൽ തുണ്ടുകടലാസും രണ്ട് സ്വർണനാണയങ്ങളും. കടലാസിലെഴുതിയ കുറിപ്പ് ഇങ്ങനെ: 'അസ്സലാമു അലൈക്കും. നിന്റെ 20 കൊല്ലം മുമ്പു നഷ്ടപ്പെട്ട പൊന്ന് എനിക്കു കിട്ടിയിരുന്നു. അത് ആസമയം നിനക്കു തരാൻ എനിക്കു സാധിച്ചില്ല. അതുകൊണ്ട് അതിനുപകരമായി ഈ പവൻ നീ സ്വീകരിച്ച് എനിക്ക് പൊറുത്തുതരണമെന്ന് അപേക്ഷിക്കുന്നു.' വീട്ടുകാർ ഉടൻ ഗൾഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. ആർക്കും വിശ്വസിക്കാനായില്ല. 20 വർഷം മുമ്പ് ഒരു വിവാഹവീട്ടിൽവെച്ചാണ് ഇബ്രാഹിമിന്റെ ഭാര്യയുടെ മൂന്നരപ്പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടത്. തിരച്ചിലിൽ ഒന്നരപ്പവൻ ആഭരണം കിട്ടി. പിന്നീട് വീട്ടുകാർ ആ കാര്യം മറന്നു. ഇപ്പോൾ കടലിനക്കരെനിന്ന് ഇബ്രാഹിമും വീട്ടിലിരുന്ന് ഭാര്യയും മക്കളും നാഥനോട് ചോദിക്കുന്നു: 'റബ്ബേ ആ സത്യസന്ധനായ മനുഷ്യനെ ഞങ്ങൾക്കൊന്ന് കാണിച്ചുതരുമോ...?' Content Highlights:Repentance in holy month; woman got two coins and apologies
from mathrubhumi.latestnews.rssfeed https://ift.tt/2Zmsbzw
via
IFTTT