Breaking

Friday, May 22, 2020

മോഡം കിട്ടാനില്ല: വേഗതകൂടിയ ഇന്റര്‍നെറ്റിനായി കാത്തിരിക്കുന്നത് 14,000 പേർ

തൃശ്ശൂർ: ഓൺലൈൻ ക്ലാസുകളും 'വർക്ക് ഫ്രം ഹോം' സംവിധാനങ്ങളും കൂടിയതോടെ ഹൈസ്പീഡ് ഇന്റർനെറ്റ് സർവീസ് തേടി ബി.എസ്.എൻ.എലിലേക്ക് വൻ ഒഴുക്ക്. അടച്ചിടൽ തുടങ്ങിയശേഷം അപേക്ഷ നൽകി കാത്തിരിക്കുന്നത് 14,000 പേരാണ്. കണക്ഷൻ കൊടുക്കാൻ അത്യാവശ്യമായി വേണ്ട മോഡമായ ഒപ്റ്റിക്കൽ നെറ്റ്വർക്ക് യൂണിറ്റിന്റെ ക്ഷാമമാണ് പ്രധാന കാരണം. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്ന് പാർട്സുകൾ എത്തിച്ച് ഇന്ത്യയിൽ അസംബ്ലി ചെയ്തിരുന്ന ശൃംഖല നിലച്ചതാണ് പ്രശ്നമായത്. എഫ്.ടി.ടി.എച്ച്. സംവിധാനമാണ് മോഡമില്ലാത്തതിനാൽ കണക്ഷൻ കൊടുക്കാൻ വൈകുന്നത്. അടച്ചിടൽ തുടങ്ങിയശേഷം ഇതുവരെ സംസ്ഥാനത്ത് മൊത്തം 10,000 എഫ്.ടി.ടി.എച്ച്. കണക്ഷനുകൾ കൊടുത്തു. ബി.എസ്.എൻ.എൽ. നേരിട്ടും ഫ്രാഞ്ചൈസികൾ വഴിയുമാണ് കണക്ഷനുകൾ നൽകുന്നത്. ഫ്രാഞ്ചൈസികൾ വഴി കൊടുക്കുമ്പോൾ മോഡം ഉപഭോക്താവ് വാങ്ങേണ്ടിവരും. ഇതിന് 2500 രൂപയാണ്. മോഡത്തിന്റെ അസംബ്ലിങ് മാത്രമാണ് രാജ്യത്ത് നടക്കുന്നത്. തൃശ്ശൂർ, മൂവാറ്റുപുഴ, എറണാകുളം എന്നിവിടങ്ങളിൽ ഇത് കേരളത്തിൽ നടക്കുന്നുണ്ട്. ന്യൂഡൽഹിയിലെ നോയ്ഡയാണ് അസംബ്ലിങ്ങിന്റെ വലിയ കേന്ദ്രം. പ്രതിമാസം 499 രൂപ മുതൽ 16999 രൂപ വരെയുള്ള പ്ലാനുകളാണ് എഫ്.ടി.ടി.എച്ച്. കണക്ഷനിലുള്ളത്. 499 രൂപയുടെ പ്ലാനിൽ 100 ജി.ബി. ഡേറ്റ 20 എം.ബി.പി.എസ്. സ്പീഡിലാണ് നൽകുന്നത്. തിക്കിത്തിരക്കില്ലാത്ത ഇന്റർനെറ്റ് സേവനമാണ് ബി.എസ്.എൻ.എൽ. ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3edsOjb
via IFTTT