Breaking

Wednesday, May 20, 2020

ഇന്ത്യന്‍ നിര്‍മിത 12,000 എച്ച്പി അതിശക്ത ഇലക്ട്രിക് ട്രെയിന്‍ ആദ്യയാത്ര നടത്തി

ന്യൂഡൽഹി: ആദ്യത്തെ ഇന്ത്യൻ നിർമിത 12000 എച്ച്പി ഇലക്ട്രിക് ട്രെയിൻ ഉത്തർപ്രദേശിലെ ദീൻദയാൽ ഉപാധ്യായ- ശിവ്പുർ സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച കന്നിയാത്ര നടത്തി. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിച്ച അതിശക്ത എൻജിനോട് കൂടിയ ട്രെയിനാണിത്. ഇതോടെ 12000 എച്ച്പി എൻജിൻ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാമതായി ഇടം പിടിച്ചു. സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റം ആണ് ട്രെയിൻ നിർമിച്ചത്. ബിഹാറിലെ മാധേപുര റെയിൽവെ ഫാക്ടറിയിൽ നിർമിച്ച എൻജിനുകൾ ഏറ്റവും ശക്തിയേറിയതാണ്. ആൽസ്റ്റമിന്റെ ബെംഗളൂരുവിലെ എൻജിനീയറിങ് സെന്ററിലാണ് എൻജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യൻ റെയിൽവെ ട്രാക്കുകൾക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയർകണ്ടീഷനോടു കൂടിയ ഡ്രൈവർ ക്യാബുകളുണ്ട്. റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാൽ ഇന്ധനഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് തീവണ്ടികളുടെ വേഗത വർധിക്കുന്നതോടെ രാജ്യത്തെ തീവണ്ടി ഗതാഗതം സുഗമമാകുമെന്ന് ഇന്ത്യൻ റെയിൽവെയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 2015 ലാണ് റെയിൽവെ മന്ത്രാലയവും ആൽസ്റ്റമും സംയുക്തസംരംഭ കരാറിൽ ഒപ്പുവെച്ചത്. 25,000 കോടിയുടേതായിരുന്നു പദ്ധതി. 800 ട്രെയിനുകളാണ് കരാറനുസരിച്ച് നിർമിക്കുന്നത്. ട്രെയിനിന്റെ നിർമാണവും പരിപാലനവും കൂടാതെ മാധേപുരയിൽ നിർമാണഫാക്ടറിയും ഉത്തർപ്രദേശിലെ സഹരൻപുരിലും നാഗ്പുരിലും വർക്ക്ഷോപ്പുകളും പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2,000 കോടിയിലേറെ രൂപ ആൽസ്റ്റം നിക്ഷേപിച്ചു കഴിഞ്ഞു. മാധേപുരയിൽ പ്രദേശത്തെ ജനങ്ങൾക്ക് സാങ്കേതിക പരിശീലനം നൽകാൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. Content Highlights:Indian Railways operationalises first 12,000 hp electric locomotive


from mathrubhumi.latestnews.rssfeed https://ift.tt/3e1KM7Z
via IFTTT